പാഠം 1
ലോകം എത്ര സുന്ദരം
ക. കുട്ടികള്‍ സ്വന്തമാക്കേണ്ടവ
1. ബോധ്യങ്ങള്‍
- ഈ ലോകം എത്ര മനോഹരം.
- വൈവിധ്യമാര്‍ന്ന സൃഷ്ടിജാലം.
2. മനോഭാവങ്ങള്‍
മനോഹരമായ ഈ പ്രപഞ്ചം നല്കിയ ദൈവത്തോടുള്ള നന്ദിയുടെ മനോഭാവം.
3. ശീലങ്ങള്‍
പൂക്കളെയും ജീവജാലങ്ങളെയും കാണുമ്പോള്‍ ദൈവത്തിന് നന്ദിപറയും.
കക. അദ്ധ്യാപകന് / അദ്ധ്യാപിക കരുതേണ്ട ബോധനോപാധികള്‍
- വിവിധ നിറത്തിലും വലിപ്പത്തിലുമുള്ള പൂക്കളുടെ ചിത്രങ്ങള്‍.
- കുട്ടികള്‍ക്ക് പരിചിതമായ പക്ഷികളുടെയും മൃഗങ്ങളുടെയും ചിത്രങ്ങള്‍.
- പ്രാര്‍ത്ഥിക്കുന്ന ഒരു കുട്ടിയുടെ ചിത്രം.
കകക. പാഠാവതരണം
താനുള്‍ക്കൊള്ളുന്ന പ്രപഞ്ചത്തിന്റെ മാനോഹാരിതയും വൈവിധ്യവും അത്ഭുതത്തോടും ആകാംക്ഷയോടുംകൂടി കുട്ടി നോക്കിക്കാണുന്നു. നിറങ്ങളുടെ വ്യത്യസ്തതയും മരങ്ങളുടെ വലിപ്പച്ചെറുപ്പവും ജീവജാലങ്ങളുടെ വൈവിധ്യവും കുട്ടിയില്‍ അത്ഭുതം ജനിപ്പിക്കുന്നു. പൂക്കളും ചെടികളും മൃഗങ്ങളുമെല്ലാം ഇടകലര്‍ന്ന ഈ ലോകത്തിന്റെ മനോഹാരിത കുട്ടികള്‍ക്ക് വിശദീകരിച്ചു കൊടുക്കണം. ചിത്രങ്ങള്‍ കാണിച്ചും, ആവശ്യമായ വിശദീകരണങ്ങള്‍ നല്‍കിയും, പ്രപഞ്ചത്തിലേയ്ക്ക് കുട്ടിയുടെ ശ്രദ്ധ തിരിക്കണം. സൂര്യനില്ലെങ്കില്‍ നമുക്കെന്ത് സംഭവിക്കും? പഴവര്ഗ്ഗങ്ങളില്ലെങ്കിലോ?.. ഇത്യാദി ചോദ്യങ്ങള്‍ ചര്‍ച്ചയ്ക്ക് വിഷയമാക്കാവുന്നതാണ്. ഇതിലൂടെ, ഈ പ്രപഞ്ചവും അതിലുള്ളതും നമുക്ക് ആവശ്യമാണെന്നും ദൈവമാണ് ഇതെല്ലാം നല്‍കിയതെന്നും കുട്ടി ഗ്രഹിക്കുന്നു. ഈ പാഠത്തിലൂടെ കുട്ടി സ്വായത്തമാക്കേണ്ട ബോധ്യങ്ങള്‍, മനോഭാവങ്ങള്‍, ശീലങ്ങള്‍ എന്നിവയ്ക്ക് ഊന്നല്‍ കൊടുത്തുകൊണ്ടായിരിക്കണം പാഠാവതരണം നടത്തേണ്ടത്.
കഢ. പാഠബന്ധിത പ്രവര്‍ത്തനങ്ങള്‍
1. കൈകള്‍ കൂപ്പാം
മനോഹരമായ ഈ പ്രപഞ്ചം നല്കിയ ദൈവത്തിന് നന്ദി അര്‍പ്പിക്കുക ഉചിതമാകുന്നു എന്ന് കുട്ടികള്‍ക്ക് മനസ്സിലാക്കിക്കൊടുക്കണം. പ്രാര്‍ത്ഥിക്കുന്ന കുട്ടിയുടെ ചിത്രം കാണിക്കാം. കണ്ണടച്ച് കൈകള്‍ കൂപ്പി നെഞ്ചോടുചേര്‍ത്ത് ഇരിക്കുവാനുള്ള നിര്‍ദ്ദേശം നല്കിയതിനുശേഷം ചെറിയ പദങ്ങളാക്കി കുട്ടികള്‍ക്ക് ചൊല്ലിക്കൊടുക്കുക. പ്രാര്‍ത്ഥന ആവര്‍ത്തിക്കുന്നത് നന്നായിരിക്കും.
2. നിറം കൊടുക്കാം
കുട്ടയിലെ പഴങ്ങള്‍ക്ക് അനുയോജ്യമായ നിറങ്ങള്‍ നല്‍കണം. കുട്ടയ്ക്കും നിറം നല്‍കാവുന്നതാണ്.
3. മനഃപാഠമാക്കാം
ക്ലാസ്സില്‍ വച്ചുതന്നെ ദൈവവചനം ഹൃദിസ്ഥമാക്കാന്‍ ശ്രദ്ധിക്കണം. ചെറിയ വാക്കുകള്‍ വീതം ആവര്‍ത്തിച്ചു ചൊല്ലിക്കൊടുക്കുകയും ഹൃദിസ്ഥമാക്കിയ വചനം പ്രകടിപ്പിക്കാന്‍ കുട്ടികള്‍ക്ക് അവസരം നല്‍കുകയും വേണം. ഓരോ പാഠത്തിനും അനുബന്ധമായി മനഃപാഠമാക്കുവാന്‍ കൊടുത്തിട്ടുള്ള തിരുവചനങ്ങളോടുള്ള സമീപനരീതി ഇപ്രകാരമായിരിക്കണം. "ബൈബിളിലെ സങ്കീര്‍ത്തനങ്ങള്‍" കുട്ടികളെ കാണിക്കുന്നത് നന്നായിരിക്കും.
ഢ. അനുബന്ധിത പ്രവര്‍ത്തനങ്ങള്‍
അഭിനയിക്കാം
കുട്ടികളെ വൃത്താകൃതിയില്‍ നിര്‍ത്തുന്നു. ഓരോരുത്തര്‍ക്കും ഇഷ്ടപ്പെട്ട പൂക്കളുടെ പേരും നിറവും പറയിപ്പിക്കാം. പല നിറത്തിലും വലിപ്പത്തിലുമുള്ള പൂക്കള്‍ നിറഞ്ഞ പൂന്തോട്ടമായി കുട്ടികളുടെ കൂട്ടത്തെ വിശേഷിപ്പിച്ചതിനുശേഷം ചെറിയ നിര്‍ദ്ദേശങ്ങള്‍ നല്‍കാം. അവയ്ക്കനുസൃതമായി കുട്ടികള്‍ അഭിനയിക്കട്ടെ. ഉദാ: ഇളംകാറ്റ് വീശുന്നു. ചെടികള്‍ മെല്ലെ ആടുന്നു, എല്ലായിടത്തും നല്ല സുഗന്ധം. പൂക്കള്‍ മെല്ലെ വിടരുന്നു. ലരേ...
പാട്ടു പാടാം
പൂക്കള്‍ വിടര്‍ന്നല്ലോ
മുല്ലപ്പൂക്കള്‍ വിടര്‍ന്നല്ലോ
പൂക്കള്‍ വിടര്‍ന്നല്ലോ
റോസാപ്പൂക്കള്‍ വിടര്‍ന്നല്ലോ
(പിച്ചി, തെച്ചി, ലില്ലി..).
കഥ പറയാം
പക്ഷികളും മൃഗങ്ങളും സമ്മേളനം കൂടി - ആര്‍ക്കാണ് സൗന്ദര്യം? ഓരോരുത്തരും തങ്ങളുടെ ഗുണങ്ങള്‍ വര്‍ണ്ണിച്ചു. പറന്നു, നടന്നു, പാടി, ആടി, ഓടി. എല്ലാവര്ക്കും അവരുടേതായ സൗന്ദര്യമുണ്ട്. എത്ര മനോഹരം - സന്തോഷത്തോടെ ദൈവത്തിന് നന്ദി പറഞ്ഞുകൊണ്ട് അവര്‍ ജീവിച്ചു.
അനുകരിക്കാം
മൃഗങ്ങളുടെ ശബ്ദം അനുകരിക്കാം.
ഉദാ: ആട് - ബ്ബേ...
പട്ടി : ബൗ ബൗ
ചിത്രം വരയ്ക്കാം
കുട്ടികള്‍ക്കിഷ്ടപ്പെട്ട ചിത്രങ്ങള്‍ വരയ്ക്കാന്‍ അവസരം നല്‍കാവുന്നതാണ്.