•  
     
                      ആത്മാവിനാല്‍ നയിക്കപ്പെട്ടവര്‍ ജീവിതം കൊണ്ട് ഈശോയ്ക്കു സാക്ഷ്യം നല്‍കി. അപ്പസ്തോലനായ വി. തോമ്മാശ്ലീഹാ ഭാരതത്തിലെത്തിയത് ഈശോയെക്കുറിച്ച് പ്രസംഗിക്കാനാണ് അദ്ദേഹം എ.ഡി. 52-ല്‍ കൊടുങ്ങല്ലൂര്‍ എന്ന സ്ഥലത്ത് എത്തിച്ചേര്‍ന്നു. കേരളത്തില്‍ പലസ്ഥലങ്ങളിലും സുവിശേഷം പ്രസംഗിച്ചു. അനേകര്‍ ഈശോയില്‍ വിശ്വസിച്ചു. അങ്ങനെ ഇവിടെ ക്രിസ്ത്യാനികള്‍ ഉണ്ടായി. കൊടുങ്ങല്ലൂര്‍, പാലയൂര്‍, കോട്ടക്കാവ്, കോക്കമംഗലം, നിരണം, കൊല്ലം, ചായല്‍ (നിലയ്ക്കല്‍) എന്നീ ഏഴുസ്ഥലങ്ങളില്‍ തോമ്മാശ്ലീഹാ പള്ളികള്‍ സ്ഥാപിച്ചു. തോമ്മാശ്ലീഹാ എ.ഡി.72-ല്‍ രക്തസാക്ഷിയായി മരിക്കുകയും ചെയ്തു. 
     
                 മാര്‍ തോമ്മാശ്ലീഹാ രക്തസാക്ഷിയായി മരിച്ചതിന്‍റെ ഓര്‍മ്മയാണ് ജൂലൈ 3-ാം തീയതി ദുക്റാനത്തിരുനാളായി നമ്മള്‍ ആചരിക്കുന്നത്. ദുക്റാന എന്ന വാക്കിന്‍റെ അര്‍ത്ഥം ഓര്‍മ്മ എന്നാണ്.
     
                    വിശ്വാസത്തിനു സാക്ഷ്യം നല്‍കി ജീവന്‍ സമര്‍പ്പിച്ചവരെ നാം രക്തസാക്ഷികള്‍ എന്നു വിളിക്കുന്നു. ആദ്യത്തെ രക്തസാക്ഷി വിശുദ്ധ എസ്തപ്പാനോസ് (സ്റ്റീഫന്‍) ആണ്. അപ്പസ്തോലന്മരെ സഹായിക്കുന്നതിനായി തെരഞ്ഞെടുക്കപ്പെട്ട ഡീക്കന്മരില്‍ ഒരാളായിരുന്നു എസ്തപ്പാനോസ്. സുവിശേഷം പ്രസംഗിക്കുകയും അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്ത അദ്ദേഹത്തെ യഹൂദര്‍ കല്ലെറിഞ്ഞുകൊന്നു. അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ചുകൊണ്ടാണ് എസ്തപ്പാനോസ് ജീവന്‍ വെടിഞ്ഞത്. ഇതുപോലെ സുവിശേഷത്തിനുവേണ്ടി രക്തസാക്ഷികളായ അനേകംപേര്‍ സഭയിലുണ്ട്. ശ്ലീഹന്മരില്‍ വിശുദ്ധ യോഹന്നാന്‍ ഒഴികെ ബാക്കി എല്ലാവരും രക്തസാക്ഷികളായി മരിച്ചവരാണ്. വി.സെബസ്ത്യാനോസ്, വി. ഗീവര്‍ഗീസ്, വി. ആഗ്നസ്,
    അന്ത്യോക്യായിലെ വി. ഇഗ്നേഷ്യസ് തുടങ്ങി അനേകം രക്തസാക്ഷികള്‍ സഭയിലുണ്ട്.
     
     

    രക്തസാക്ഷികളെക്കൂടാതെ വി. അഗസ്റ്റിന്‍, വി. അപ്രേം,
    വി. അന്തോനീസ്, വി. ഫ്രാന്‍സിസ് അസീസി,
    വി. ഫ്രാന്‍സീസ് സേവ്യര്‍, വി. കൊച്ചുത്രേസ്യാ,
    വി. ഡൊമിനിക് സാവിയോ,
    വി. മരിയ ഗൊരേത്തി തുടങ്ങി ഒട്ടേറെ വിശുദ്ധരും സഭയിലുണ്ട്.
     
    വി.ചാവറ കുര്യാക്കോസ് ഏലിയാസച്ചന്‍,
    വി. അല്‍ഫോന്‍സാമ്മാ,
    വാഴ്ത്തപ്പെ മറിയം ത്രേസ്യ,
    കല്‍ക്കട്ടായിലെ വി. മദര്‍ തെരേസ
    എന്നിവരും ആത്മാവിന്‍റെ ശക്തിയാല്‍
    വിവിധതരത്തില്‍ ഈശോയ്ക്കു സാക്ഷ്യം നല്‍കി
    ജീവിച്ചവരാണ്.
     
    പരിശുദ്ധാത്മാവിന്‍റെ ഫലങ്ങള്‍ ഈ വിശുദ്ധരില്‍ നിറഞ്ഞുനിന്നിരുന്നു.  ഒരു വ്യക്തിയില്‍ പരിശുദ്ധാത്മാവു ജീവിക്കുന്നു എന്നതിന്‍റെ അടയാളമാണ് ആത്മാവിന്‍റെ ഫലങ്ങള്‍. പ്രധാനമായും പന്ത്രണ്ടെണ്ണമാണ് ആത്മാവിന്‍റെ ഫലങ്ങള്‍. സ്നേഹം, സന്തോഷം, സമാധാനം, ക്ഷമ, ദയ, നډ, വിശ്വസ്തത, സൗമ്യത, സഹനശക്തി, വിശുദ്ധി, മിതത്വം, ആത്മസംയമനം എന്നിവയാണവ.  
    പരിശുദ്ധാത്മാവിന്‍റെ ഈ ഫലങ്ങള്‍ നമ്മില്‍ വളരുന്നതിലൂടെയാണ് മുക്കു വിശുദ്ധിയില്‍ വളരുവാന്‍ കഴിയുന്നത്. നാമെല്ലാവരും വിശുദ്ധരായിത്തീരണമെന്നാണ് ഈശോയുടെ ആഗ്രഹം.
     
                        നമ്മള്‍ മാമ്മോദീസാ സ്വീകരിക്കുമ്പോള്‍ ഏതെങ്കിലും വിശുദ്ധന്‍റെയോ വിശുദ്ധയുടെയോ പേര് സ്വീകരിച്ചിട്ടുണ്ട്. ആ വിശുദ്ധന്‍റെയോ വിശുദ്ധയുടെയോ ജീവിതം നമുക്ക് പ്രത്യേക മാതൃകയാകണം.
    പുണ്യാത്മാക്കള്‍ കാണിച്ചുതന്ന വഴിയില്‍ക്കൂടി നാം സഞ്ചരിക്കുമ്പോള്‍ നമ്മളും അവരെപ്പോലെ സ്വര്‍ഗത്തിന് അവകാശികളായിത്തീരും. വിശുദ്ധരുടെ മാതൃക അനുകരിച്ച് ജീവിക്കുവാന്‍ ആവശ്യമായ കൃപയ്ക്കായി അവരുടെ മാദ്ധ്യസ്ഥ്യം നമ്മള്‍ പ്രാര്‍ത്ഥിക്കുകയും ചെയ്യണം.
     
          നന്മയില്‍ വളരാന്‍ നമ്മെ സഹായിക്കാനായി ദൈവം തന്നിരിക്കുന്ന കൂട്ടുകാരാണ് കാവല്‍മാലാഖമാര്‍. നിരന്തരം ന്മയുടെ മാര്‍ഗത്തില്‍ നടക്കുവാന്‍ കാവല്‍മാലാഖ നമ്മെ സഹായിക്കുന്നു. 
     

    നമുക്കു പ്രാര്‍ത്ഥിക്കാം

     

    വിശുദ്ധരെപ്പോലെ ആത്മാവിന്‍റെ ഫലങ്ങളില്‍
    വളര്‍ന്ന് ഈശോയ്ക്കു സാക്ഷിയായി ജീവിക്കുവാന്‍ എന്നെ അനുഗ്രഹിക്കണമേ.
     

    ഞാനാര് ?

     

    മനുഷ്യനാണ്;  മാലാഖയല്ല
    സ്വര്‍ഗത്തിലാണ്;  ഭൂമിയിലല്ല
    നമ്മള്‍ക്കെല്ലാം മാതൃകയാണ്
    ആരെന്ന് താഴെ എഴുതാമോ?
    ഉത്തരം
     

    നമുക്കു പാടാം

     

    ദൈവാത്മാവിന്‍ ഫലങ്ങള്‍
    നമ്മിലെന്നും നിറയാന്‍
    വിശുദ്ധിയില്‍ വളരാന്‍ പ്രാര്‍ത്ഥിക്കുക നാം.
    മാര്‍തോമ്മാശ്ലീഹാ, തെളിച്ചതാം ദീപം
    പകര്‍ന്നിടാനിന്ന്, ഉണരുക നാം ദൈവാത്മാവിന്‍..
     
    സ്വര്‍ഗീയ മദ്ധ്യസ്ഥരും, കാവല്‍ മാലാഖമാരും
    പരിശുദ്ധ അമ്മയും, തുണയായുണ്ട്
    ദൈവാത്മാവിന്‍..
     

    എഴുതാം എഴുതാം

     

    എന്‍റെ പേരിന്‍റെ വിശുദ്ധന്‍ : വിശുദ്ധന്‍റെ തിരുനാള്‍ ദിനം :
    ഭാരതത്തിലെ നാല് വാഴ്ത്തപ്പെട്ടവരുടെ പേരെഴുതുക:
     
     

    എന്‍റെ തീരുമാനം

     

    ആത്മാവിന്‍റെ ഫലങ്ങള്‍ പുറപ്പെടുവിക്കുന്ന വിശുദ്ധമായ
    ഒരു ജീവിതം ഞാന്‍ നയിക്കും.