•  
                        ഈജിപ്തിന്‍റെ  അടിമത്തത്തില്‍ കഴിഞ്ഞിരുന്ന  ഇസ്രായേല്‍ മക്കളെ മോചിപ്പിക്കുവാന്‍ദൈവം മോശയെയും അഹറോനെയും അയച്ചു. അവര്‍ ഫറവോയുടെ അടുക്കല്‍ ചെന്നു പറഞ്ഞു. "ഇസ്രായേലിന്‍റെ ദൈവമായ കര്‍ത്താവ് കല്പിക്കുന്നു. മരുഭൂമിയില്‍വന്ന് എന്‍റെ ബഹുമാനാര്‍ത്ഥം പൂജാമഹോത്സവം ആഘോഷിക്കാന്‍ എന്‍റെ ജനത്തെ വിട്ടയയ്ക്കുക" (പുറ. 5:1). എന്നാല്‍ ഫറവോ കൂട്ടാക്കിയില്ല. ഒന്നിനു പുറമേ ഒന്നായി ദൈവം ഒന്‍പത് ബാധകള്‍ അയച്ചു. ഓരോ ബാധയും അവസാനിപ്പിക്കാനായി ഫറവോ മോശയെയും അഹറോനെയും വിളിച്ച് ജനത്തെ വിട്ടയയ്ക്കാമെന്നു സമ്മതിക്കുകയും അവര്‍ പ്രാര്‍ത്ഥിച്ച് ബാധയകറ്റണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ ബാധ മാറിക്കഴിഞ്ഞപ്പോള്‍ ഫറവോയുടെ മനസ്സും മാറി. ജനത്തെ വിട്ടയച്ചില്ല. അതിനാല്‍ ദൈവം ഈജിപ്തുകാരുടെ ആദ്യജാതരെയെല്ലാം സംഹരിക്കാന്‍ തീരുമാനിച്ചു.
     
     
               ദൈവം കല്പിച്ചതനുസരിച്ച് ഇസ്രായേല്‍ ജനം പെസഹാക്കുഞ്ഞാടിനെ കൊന്ന് അതിന്‍റെ രക്തം വീടിന്‍റെ കട്ടിളപ്പടിയിന്മേല്‍ തളിച്ചു. അന്നുരാത്രി സംഹാരദൂതന്‍ ഈജിപ്തിലൂടെ കടന്നുപോയി. ഈജിപ്തിലെ മനുഷ്യരുടെയും മൃഗങ്ങളുടെയുമെല്ലാം  ആദ്യജാതരെ സംഹരിച്ചു. ഫറവോയുടെ കൊട്ടാരം മുതല്‍ സകല ഭവനങ്ങളിലും നിന്ന് നിലവിളികളുയര്‍ന്നു.  എന്നാല്‍ ഇസ്രായേല്‍ ഭവനങ്ങളെ ദൈവം സംരക്ഷിച്ചു. "ഫറവോ രാത്രിയില്‍തന്നെ മോശയെയും അഹറോനെയും വിളിച്ചു പറഞ്ഞു. നിങ്ങള്‍ എന്‍റെ ജനത്തിന്‍റെ ഇടയില്‍ നിന്നു പോകുവിന്‍. നിങ്ങളും ഇസ്രായേല്‍ക്കാര്‍ മുഴുവനും നിങ്ങള്‍ പറഞ്ഞതുപോലെ പോയി കര്‍ത്താവിനെ ആരാധിക്കുവിന്‍" (പുറ.12:31). ഇസ്രായേല്‍ക്കാര്‍ ആ രാത്രിതന്നെ ഈജിപ്തില്‍ നിന്നുപുറപ്പെട്ടു.
     
     
                       ഫറവോയുടെ അടിമത്തത്തില്‍ നിന്നും  ഇസ്രായേല്‍ജനംഇപ്രകാരംവിമോചിതരായി.അടിമത്തത്തില്‍നിന്നും സ്വാതന്ത്ര്യത്തിലേക്കുള്ള വിമോചനത്തിന്‍റെയും രക്ഷയുടെയും അനുഭവമായിരുന്നു അത്. ഇസ്രായേലിന്‍റെ അനുഭവത്തില്‍ രക്ഷയെന്നത് വിമോചനമാണ്. എന്നാല്‍ ദൈവം ആഗ്രഹിക്കുന്ന പൂര്‍ണമായ രക്ഷ പാപത്തിന്‍റെ അടിമത്തത്തില്‍ നിന്നുള്ള മനുഷ്യന്‍റെ  വിമോചനമാണ്; സ്വാതന്ത്ര്യത്തിലും  സ്നേഹത്തിലും  ദൈവത്തോടൊത്തു ജീവിക്കുന്ന അനുഭവം. 
     
     
             വരാനിരിക്കുന്ന  രക്ഷയുടെ  മുന്നനുഭവമായിരുന്നു  ഈജിപ്തിലെ  അടിമത്തത്തില്‍ നിന്നുള്ള ഇസ്രായേലിന്‍റെ വിമോചനം. ലോകത്തിന്‍റെ പാപം നീക്കുന്ന കുഞ്ഞാടായ മിശിഹായുടെ പ്രതീകമായിരുന്നു പഴയനിയമത്തിലെ പെസഹാക്കുഞ്ഞാട്. ആ കുഞ്ഞാടിന്‍റെ രക്തം ഇസ്രായേല്‍ ഭവനത്തിന്‍റെ കട്ടിളപ്പടികളില്‍ തളിക്കപ്പെട്ടപ്പോള്‍ അത് ഫറവോയുടെ അടിമത്തത്തില്‍ നിന്ന് രക്ഷ നേടുന്നതിനുള്ള അടയാളമായിത്തീര്‍ന്നു. ദൈവത്തിന്‍റെകുഞ്ഞാടായ മിശിഹാ സ്വന്തരക്തത്താല്‍ മനുഷ്യവര്‍ഗത്തിന് രക്ഷ നല്കാന്‍ നിശ്ചയിക്കപ്പെട്ടവനായിരുന്നു. .പിതാവിന്‍റെ ഏകജാതന്‍റെ രക്തം മനുഷ്യവര്‍ഗത്തെ പാപത്തില്‍ നിന്നു മോചിപ്പിച്ചു
     
     

    എല്ലാവരും രക്ഷയിലേക്കു വിളിക്കപ്പെട്ടിരിക്കുന്നു

     

    ആദിമാതാപിതാക്കളുടെ പാപംമൂലം സകല മനുഷ്യരും പാപത്തിന് അധീന
    രായി.പൗലോസ് ശ്ലീഹ ഇതു വളരെ വ്യക്തമായിപഠിപ്പിക്കുന്നു. ഒരു മനുഷ്യന്‍ (ആദം) മൂലം എല്ലാവരും പാപികളായിത്തീര്‍ന്നു. മറ്റൊരു മനുഷ്യന്‍ (മിശിഹാ) വഴി എല്ലാവരും നിതീകരിക്ക പ്പെട്ടവരായി (റോമ. 5:12-19). വിശുദ്ധ പൗലോസ് പറയുന്നു:എന്നാല്‍ തന്‍റെ ഏകജാതനായ ഈശോയിലൂടെ എല്ലാവര്‍ക്കും രക്ഷ നല്കു
    വാന്‍ ദൈവം തിരുമനസ്സായി."നീതിമാനായി ആരുമില്ല, ഒരുവന്‍പോലുമില്ല"
    പാപത്തിന്‍റെ ഈ സാര്‍വത്രികത ശ്ലീഹ എടുത്തു പറയുന്നത് എല്ലാവര്‍ക്കും രക്ഷ ആവിശ്യമുണ്ട്
    എന്നു വ്യക്തമാക്കാനാണ്. (റോമ.3:10).

     

    കല്പനകളുടെ അനുസരണം:

    രക്ഷയ്ക്കുള്ള വ്യവസ്ഥ

     
                                        ഈജിപ്തിന്‍റെ അടിമത്തത്തില്‍ നിന്നും രക്ഷിക്കപ്പെട്ട ഇസ്രായേല്‍ജനത്തോട് ഉടമ്പടി ചെയ്തുകൊണ്ട് ദൈവം അവരെ തന്‍റെ സ്വന്തം ജനമാക്കി(പുറ. 19:4-6). രക്ഷിക്കപ്പെട്ട ജനമായി, ദൈവത്തിന്‍റെ സ്വന്തം ജനമായി നിലനില ്ക്കുന്നതിന് ദൈവം അവര്‍ക്ക ് പ്രമാണങ്ങള്‍ നല്‍കി.  മോശവഴി ഇസ്രായേല്‍ ജനത്തിന് ദൈവം നല്കിയ കല്പനകള്‍ അവര്‍ക്ക ് രക്ഷയില്‍ നിലനില്ക്കുന്നതിനുള്ള  മാര്‍ഗങ്ങളായിരുന്നു. "നിങ്ങള്‍  എന്‍റെ വാക്കു കേള്‍ക്കുകയുംഎന്‍റെ  ഉടമ്പടി പാലിക്കുകയും ചെയ്താല്‍ നിങ്ങള്‍ എല്ലാ ജനങ്ങളിലും വച്ച് എനിക്ക് ഏറ്റവും  പ്രിയപ്പെട്ട എന്‍റെ സ്വന്തം ജനമായിരിക്കുംڈ (പുറ19:5). ദൈവത്തിന്‍റെ സ്വന്തം ജനമായിരിക്കുക,  അവിടുത്തോട് ഐക്യപ്പെട്ടിരിക്കുക  എന്നത് രക്ഷയുടെ അനുഭവമാണ്.
    പാപംവഴി ഇസ്രായേലിനു നഷ്ടപ്പെട്ടത് ഈ സ്വന്തമെന്ന അനുഭവവും ഐക്യവുമായിരുന്നു.
     
     
                                           നിയമത്തിന്‍റെ അനുഷ്ഠാനത്തിലൂടെ രക്ഷ ലഭിക്കുമെന്ന് യഹൂദര്‍ വിശ്വസിച്ചിരുന്നു . ഈ
    വിശ്വാസം നിയമാനുഷ്ഠാനങ്ങളില്‍ ജീവിതം തളച്ചിടാന്‍ അവരെ പ്രേരിപ്പിച്ചു. അതേ സമയം നിയമത്തിന്‍റെ അര്‍ത്ഥം മനസ്സിലാക്കി അവ പാലിക്കുന്നതില്‍  അവര്‍ പരാജയപ്പെടുകയും ചെയ്തു. ഈ ജനത്തെ അലംഘനീയമായ ഒരു ഉടമ്പടിയാല്‍  രക്ഷയിലേക്കു നയിക്കാന്‍ ദൈവം തിരുമനസ്സായി. ഈ ഉടമ്പടിയുടെ നിയമങ്ങള്‍  കല്പലകകളിലല്ല ഹൃദയ ഫലകങ്ങ ളില്‍ എഴുതപ്പെടണമെന്ന് ദൈവം ആഗ്രഹിച്ചു. ഇതു നിറവേറ്റപ്പെട്ടത് ദൈവപുത്രനായ ഈശോയിലൂടെയാണ്.
     

    ഈശോ ലോകരക്ഷകന്‍

     
                                     മനുഷ്യവംശത്തിനു ദൈവം നല്‍കിയ രക്ഷയുടെ വാഗ്ദാനം പൂര്‍ത്തീകരിക്കപ്പെട്ടത് ഈശോയിലാണ്. നമ്മെ പാപത്തില്‍ നിന്നു മോചിപ്പിക്കാനാണ് അവിടുന്നു ജനിച്ചത്. ശിശുവിന് ഈശോ എന്ന പേരു നല്‍കണമെന്നാവശ്യപ്പെട്ടുകൊണ്ട് ദൈവദൂതന്‍.യൗസേപ്പിനോട് പറഞ്ഞു: "അവന്‍ തന്‍റെ ജനത്തെ അവരുടെ പാപങ്ങളില്‍ നിന്ന് മോചിപ്പിക്കും"(മത്താ.1 : 21) . ഈശോയുടെ ജനനവാര്‍ത്ത അറിയിച്ചു കൊണ്ട്  മാലാഖാമാര്‍ ആട്ടിടയരോടു പറഞ്ഞതും  ദാവീദിന്‍റെ പട്ടണത്തില്‍ നിങ്ങള്‍ക്കായി ഒരു രക്ഷകന്‍ ജനിച്ചിരിക്കുന്നു എന്നാണ്. ദൈവാലയത്തില്‍ ഈശോയെ കാഴ്ചവച്ച അവസരത്തില്‍ പ്രവാചകനായ ശെമയോന്‍ ഉദ്ഘോഷിച്ചു: "സകല ജനതകള്‍ക്കും വേണ്ടി അങ്ങ് ഒരുക്കിയിരിക്കുന്ന  രക്ഷ  എന്‍റെ  കണ്ണുകള്‍ കണ്ടുകഴിഞ്ഞു"(ലൂക്കാ 2:31).
    ഈശോ തന്‍റെ പീഡാനുഭവവും കുരിശു മരണവും തിരുവുത്ഥാനവും വഴി മനുഷ്യ രക്ഷ സാധിച്ചു കൊണ്ട്  ഈ പ്രവചനങ്ങളെല്ലാം  തന്നില്‍ പൂര്‍ത്തിയാക്കി.
     

    ഈശോ ഏകരക്ഷകന്‍

     
                                      അപ്പസ്തോലപ്രമുഖനായ പത്രോസ് തന്‍റെ സുവിശേഷ പ്രഘോഷണവേളയില്‍ പ്രസ്താവിച്ചു : "മറ്റാരിലും  രക്ഷയില്ല.  ആകാശത്തിനുകീഴേ  മനുഷ്യരുടെയിട യില്‍ നമുക്കു രക്ഷക്കുവേണ്ടി  മറ്റൊരു നാമവും നല്‍കപ്പെട്ടിട്ടില്ല"(അപ്പ. 4:12)  ഈശോയാണ് ഏകരക്ഷകന്‍. "അവന്‍ എല്ലാവര്‍ക്കും വേണ്ടി തന്നെതന്നെ മോചനമൂല്യമായി നല്‍കി" (1 തിമോ. 2:6). തന്‍റെ ബലിയിലൂടെ അവിടുന്ന് ലോകത്തെ രക്ഷിച്ചു.  ഈ സത്യത്തെ അംഗീകരിച്ച് ഏറ്റുപറയുന്നവരുടെ സമൂഹമാണ് സഭ . "ഈശോമിശിഹായുടെ  രക്തത്താല്‍ രക്ഷിക്കപ്പെട്ട സഭയില്‍ ഞങ്ങള്‍ അങ്ങയെ സ്തുതിക്കുന്നു" എന്നു പരിശുദ്ധ കുര്‍ബാനയില്‍ റൂഹാക്ഷണ പ്രാര്‍ത്ഥനയുടെ അവസാനം നാം പ്രാര്‍ത്ഥിക്കുന്നുണ്ടല്ലൊ. തങ്ങള്‍ രക്ഷിക്കപ്പെട്ടവരുടെ സമൂഹമാണെന്ന ചിന്ത ആദിമകാലം മുതല്‍ സഭയില്‍ സജീവമായിരുന്നു . രക്ഷയ്ക്ക് അടിസ്ഥാനം നമ്മുടെ യോഗ്യതയല്ല ദൈവത്തിന്‍റെ കൃപയാണ്
     

     

    രക്ഷ സ്വന്തമാക്കാന്‍ വചനം സ്വീകരിക്കുക, ജീവിക്കുക

     
                                 ഈശോയാണ് ലോകരക്ഷകന്‍ എന്ന് വിശ്വസിക്കുകയും അവിടുത്തെ വചനങ്ങള്‍ അനുസരിച്ച് ജീവിക്കുകയുമാണ് നിത്യജീവന്‍ പ്രാപിക്കാനുള്ള മാര്‍ഗം. ആത്മാവും ജീവനുമായ ദൈവവചനം രക്ഷയുടെ അനുഭവത്തില്‍ നമ്മെ ആഴപ്പെടുത്തുന്നു (യോഹ.6:63). "എന്‍റെ വചനം കേള്‍ക്കുകയും എന്നെ അയച്ചവനെ വിശ്വസിക്കുകയും  ചെയ്യുന്നവനു നിത്യജീവനുണ്ട്" എന്ന് ഈശോ പറഞ്ഞിട്ടുല്ലോ (യോഹ. 5:24). സുവിശേഷം രക്ഷയിലേക്കു നയിക്കുന്ന ശക്തിയാണ് എന്ന് പൗലോസ് ശ്ലീഹായും പഠിപ്പിക്കുന്നു (റോമ. 1:16).
     
     
                            വചനം പാലിക്കുക എന്നത് ഉടമ്പടിപാലനത്തിന്‍റെ അവശ്യവ്യവസ്ഥയാണ്
    നിങ്ങള്‍ എന്‍റെ വചനം പാലിക്കുകയും കല്പനകള്‍ അനുസരിക്കുകയും ചെയ്താല്‍
    എനിക്കേറ്റം പ്രിയപ്പെട്ട എന്‍റെ സ്വന്തം ജനമായിത്തീരും എന്നതാണല്ലോ ഉടമ്പടി വചനം. ഈശോ പറഞ്ഞു"എന്നെ സ്നേഹിക്കുന്നവന്‍ എന്‍റെ വചനം പാലിക്കും. അപ്പോള്‍ എന്‍റെ പിതാവ് അവനെ സ്നേഹിക്കുകയും ഞങ്ങള്‍ അവന്‍റെ അടുത്തുവന്ന് അവനില്‍ വാസമുറപ്പിക്കുകയും ചെയ്യും" (യോഹ. 14:23). ദൈവത്തിന്‍റെ സ്വന്തമാകാന്‍, രക്ഷിക്കപ്പെട്ട സമൂഹമായിത്തീരാന്‍, ദൈവവചനം  പാലിച്ചു ജീവിക്കണമെന്ന് ഈ തിരുവചനങ്ങള്‍ വ്യക്തമാക്കുന്നു.
     

    കൂദാശകള്‍: രക്ഷയ്ക്കുള്ള മാര്‍ഗങ്ങള്‍

     
                                    മിശിഹാ പ്രദാനം ചെയ്ത പാപമോചനത്തിന്‍റെയും രക്ഷയുടെയും ഫലം സ്വന്തമാക്കാനും അനുഭവിക്കാനുമുള്ള ഉപാധികളാണ് കൂദാശകള്‍. പരിശുദ്ധാത്മാവിന്‍റെ കൃപാവരത്താല്‍ പാപമോചനവും ദൈവികജീവനും നല്കി രക്ഷയുടെ അനുഭവത്തിലേക്ക് കൂദാശകള്‍ നമ്മെ നയിക്കുന്നു.
     
                                  മിശിഹാ നല്കിയ രക്ഷയെ സംവഹിക്കുന്നവളും പ്രദാനം ചെയ്യുന്നവളുമാണ്സഭ. ഈ രക്ഷയാണ് അവള്‍ പ്രഘോഷിക്കുന്നത്. തിരുവചനത്തിലൂടെയും സഭ പരികര്‍മ്മം ചെയ്യുന്ന കൂദാശകളിലൂടെയുമാണ് ഈ രക്ഷ നമുക്ക് ലഭിക്കുന്നത്. മാനസാന്തരപ്പെട്ട് ജ്ഞാനസ്നാനം സ്വീകരിച്ച് രക്ഷയിലേക്കു കടന്നുവരാന്‍ മറ്റുള്ളവര്‍ക്കും ഒരു പ്രചോദകശക്തിയായി സഭ നിലകൊള്ളുന്നു. അങ്ങനെ മിശിഹായാല്‍ രക്ഷിക്കപ്പെട്ട സഭ എല്ലാവര്‍ക്കും രക്ഷ നല്കുന്ന, എല്ലാവരേയും രക്ഷയിലേക്കു വിളിക്കുന്ന രക്ഷയുടെ അടയാളവും ഉപകരണവുമായി നിലകൊള്ളുന്നു.
     

    ദൈവവചനം വായിക്കാം; ധ്യാനിക്കാം (യോഹ. 14:15-24).

     

    ഓര്‍മ്മിക്കാന്‍ ഒരു തിരുവചനം

     

                  "നിങ്ങള്‍ എന്‍റെ വാക്കു കേള്‍ക്കുകയും എന്‍റെ ഉടമ്പടി പാലിക്കുകയും ചെയ്താല്‍ നിങ്ങള്‍ എല്ലാ ജനങ്ങളിലും വച്ച് എനിക്ക് ഏറ്റവും പ്രിയപ്പെട്ട എന്‍റെ സ്വന്തം ജനമായിരിക്കും;"(പുറ. 19:5).
     

    നമുക്കു പ്രാര്‍ത്ഥിക്കാം

     

                   രക്ഷയുടെ കൂദാശയായ സഭയില്‍ എന്നെയും അംഗമാക്കിയ ദൈവമേ,
                   അങ്ങയെ ഞാന്‍ സ്തുതിക്കുന്നു. പ്രമാണങ്ങളുടെ പാതയിലൂടെ നടന്ന്
                   സ്വര്‍ഗീയ മഹത്വത്തില്‍ എത്തിച്ചേരുവാന്‍ എന്നെ അനുഗ്രഹിക്കണമേ.
     
     

    എന്‍റെ തീരുമാനം

     

    നിത്യവും ദൈവവചനം വായിച്ചും അതനുസരിച്ചു ജീവിച്ചും ഞാന്‍ രക്ഷയുടെ പാതയില്‍ ചിരിക്കും.
     
     

    സഭയോടൊത്തു ചിന്തിക്കാം

     

    മിശിഹായെ തങ്ങളുടെ രക്ഷയുടെ കര്‍ത്താവും, ഐക്യത്തിന്‍റെയും ശാന്തിയുടെയും ഉത്ഭവകേന്ദ്രവുമായി പരിഗണിക്കുന്നവരുടെ സമൂഹത്തെ, ദൈവം യോജിപ്പിച്ച് ഒരു സഭയായി സ്ഥാപിച്ചു. എല്ലാവര്‍ക്കും രക്ഷാകരമായ ഐക്യത്തിന്‍റെ ദൃശ്യകൂദാശയായിത്തീരണം അവള്‍ എന്നതാണ് ഇതിന്‍റെ ഉദ്ദേശ്യം. (തിരുസഭ 9).
     
     

    മാതൃസഭയെ അറിയാന്‍

     

    മാര്‍ത്തോമ്മാശ്ലീഹായില്‍ നിന്നും വിശ്വാസം സ്വീകരിച്ച മാര്‍ത്തോമ്മാ ക്രിസ്ത്യാനികള്‍ അതേ പാരമ്പര്യം ഏറ്റുപറയുന്ന എദേസായിലെയും പേര്‍ഷ്യയിലെയും സെലൂഷ്യയിലെയും സഭകളോടു ബന്ധപ്പെട്ടാണ് വളര്‍ന്നുവന്നത്. എ.ഡി. 345-ല്‍ പേര്‍ഷ്യയില്‍ നിന്നും ക്നായിത്തോമ്മായുടെ നേതൃത്വത്തില്‍ നടന്ന കുടിയേറ്റം ആദ്യനൂറ്റാണ്ടുകളില്‍ ഈ വളര്‍ച്ചയ്ക്ക് ആക്കം കൂട്ടി. മാര്‍ത്തോമ്മാക്രിസ്ത്യാനികള്‍ വിശ്വാസത്തില്‍ കത്തോലിക്കരും ആരാധനാരീതിയില്‍ പൗരസ്ത്യ സുറിയാനിക്കാരും സംസ്കാരത്തില്‍ ഭാരതീയരും ആയിരുന്നു.