•  
                             കേസറിയാ ഫിലിപ്പിയില്‍ വച്ച് ഈശോ ശ്ലീഹന്മാരോടു ചോദിച്ചു: "മനുഷ്യപുത്രന്‍ ആരെന്നാണ് ജനങ്ങള്‍ പറയുന്നത്"? അവര്‍ മറുപടി പറഞ്ഞു: "ചിലര്‍ സ്നാപകയോഹന്നാന്‍ എന്നും മറ്റു ചിലര്‍ ഏലിയാ എന്നും വേറെ ചിലര്‍ ജറെമിയാ, അല്ലെങ്കില്‍ പ്രവാചകന്മാരിലൊരുവന്‍ എന്നും പറയുന്നു". അവിടുന്ന് അവരോടു ചോദിച്ചു: "എന്നാല്‍, ഞാന്‍ ആരെന്നാണ് നിങ്ങള്‍ പറയുന്നത്"? ശിമയോന്‍ മറുപടി പറഞ്ഞു: "നീ ജീവനുള്ള ദൈവത്തിന്‍റെപുത്രനായ ക്രിസ്തുവാണ്". ഈശോ അവനോട് അരുളിച്ചെയ്തു: "യോനായുടെ പുത്രനായ ശിമയോനേ നീ ഭാഗ്യവാന്‍! മാംസരക്തങ്ങളല്ല, സ്വര്‍ഗസ്ഥനായ എന്‍റെ പിതാവാണ് നിനക്കിതു വെളിപ്പെടുത്തിത്തന്നത്. ഞാന്‍ നിന്നോടു പറയുന്നു, നീ പത്രോസാണ്; ഈ പാറമേല്‍ എന്‍റെ സഭ ഞാന്‍ സ്ഥാപിക്കും. നരകകവാടങ്ങള്‍ അതിനെതിരെ പ്രബലപ്പെടുകയില്ല. സ്വര്‍ഗരാജ്യത്തിന്‍റെ  താക്കോലുകള്‍  നിനക്കു ഞാന്‍ തരും" (മത്താ. 16:13-18). 
     
     
              ഈശോ തന്‍റെ സഭയ്ക്കു അടിസ്ഥാനമിടുന്നതിന്‍റെ സൂചനയായി ഈ സംഭവത്തെ നമുക്ക് കാണാം.
    ഇതിലെ ഏറ്റവും കാതലായ സത്യം ഈശോ സജീവനായ ദൈവത്തിന്‍റെ പുത്രനായ മിശിഹായാണെന്ന് ദൈവികശക്തിയാല്‍ ശിമയോന്‍ ഏറ്റു പറഞ്ഞതാണ്. ഈ ഏറ്റുപറച്ചിലില്‍ സംപ്രീതനായ ഈശോ ശിമയോനെ സഭയുടെ അടിസ്ഥാനശിലയാക്കി സ്ഥാപിച്ചു ഈശോ സജീവ ദൈവത്തിന്‍റെ പുത്രനുംമിശിഹായുമാണെന്ന് വിശ്വസിക്കുകയും ഏറ്റുപറയുകയും ചെയ്യുന്നവ രുടെ സമൂഹമാണ് സഭ 
     

     

    വിശ്വാസം ദൈവത്തിന്‍റെ വിളിക്കുള്ള പ്രത്യുത്തരം

     

                                   തന്നെത്തന്നെ വെളിപ്പെടുത്തുന്ന ദൈവത്തിന് മനുഷ്യന്‍ നല്‍കുന്ന പ്രത്യുത്തരമാണ് വിശ്വാസം.  ഈ പ്രത്യുത്തരം സ്നേഹസമര്‍പ്പണത്തിലൂടെയാണ് പ്രകടമാകുന്നത്. പന്തക്കുസ്തായില്‍ പരിശുദ്ധാത്മാവിനെ സ്വീകരിച്ച അപ്പസ്തോലപ്രമുഖനായ വിശുദ്ധ പത്രോസിന്‍റെ പ്രസംഗം കേട്ട ജനം ഹൃദയം നുറുങ്ങി പത്രോസിനോടും മറ്റ് അപ്പസ്തോലന്മാരോടും ചോദിച്ചു: "സഹോദരന്മാരേ, ഞങ്ങള്‍ എന്താണ് ചെയ്യേണ്ടത്? പത്രോസ് പറഞ്ഞു. നിങ്ങള്‍ പശ്ചാത്തപിക്കുവിന്‍, പാപമോചനത്തിനായി എല്ലാവരും യേശുക്രിസ്തുവിന്‍റെ നാമത്തില്‍ സ്നാനം സ്വീകരിക്കുവിന്‍. പരിശുദ്ധാത്മാവിന്‍റെ ദാനം നിങ്ങള്‍ക്കു ലഭിക്കും" (അപ്പ. 2:37-38). പത്രോസ് നിര്‍ദേശിച്ചതുപോലെ അവര്‍ പശ്ചാത്തപിച്ച് മാമ്മോദീസാ സ്വീകരിച്ചു. ഈശോയെ കര്‍ത്താവും രക്ഷകനുമായി ഏറ്റുപറഞ്ഞുകൊണ്ട് വിശ്വാസികളുടെ ഗണത്തില്‍ അവര്‍ അംഗങ്ങളായി.
     
           
                             പൂര്‍വപിതാവായ അബ്രാഹത്തിന്‍റെയും പരിശുദ്ധ മറിയത്തിന്‍റെയും ജീവിതം യഥാര്‍ത്ഥ വിശ്വാസത്തിന്‍റെ മാതൃകയാണ്  സന്താനങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയില്ലായിരുന്നിട്ടും അബ്രാഹം ദൈവത്തിന്‍റെ വാക്കില്‍ പ്രത്യാശയര്‍പ്പിച്ചു. അസാധ്യമായത് ദൈവം സാധ്യമാക്കുമെന്ന് അദ്ദേഹം ഉറച്ചു വിശ്വസിച്ചു. ഇതുതന്നെയാണ് പരിശുദ്ധ അമ്മയുടെ ജീവിതത്തിലും നാം കാണുന്നത്. ദൈവികശക്തിയാല്‍ താന്‍ദൈവപുത്രനു ജന്മഠ കൊടുക്കുമെന്നുള്ള ദൈവദൂതന്‍റെ സന്ദേശത്തില്‍ മറിയം വിശ്വസിച്ചു. മനുഷ്യബുദ്ധിക്ക് അഗ്രാഹ്യമാണെങ്കില്‍ പോലും ദൈവം അരുളിച്ചെയ്തകാര്യങ്ങള്‍ നടപ്പാകുമെന്ന ഉറപ്പാണ് വിശ്വാസത്തിന്‍റെ അടിസ്ഥാനം. ഹെബ്രായ
    ലേഖനത്തില്‍പറയുന്നതുപോലെ"പ്രത്യാശിക്കുന്നവ ലഭിക്കുമെന്ന ഉറപ്പും കാണപ്പെടാത്തവ ഉണ്ട് എന്ന ബോധ്യവുമാണ് വിശ്വാസം"(ഹെബ്രാ. 11:1).ദൈവത്തോടുള്ള ആഴമായ ഒരു സ്നേഹബന്ധം ഈ വിശ്വാസത്തിനു പിന്നിലുണ്ട്.സ്നേഹത്താല്‍ പ്രേരിതമായി മനസ്സും ബുദ്ധിയും ഹൃദയവുമെല്ലാം ദൈവത്തിനു സമര്‍പ്പിക്കുകയാണ് വിശ്വാസത്തില്‍ നാം ചെയ്യുന്നത്.
     

    ഈശോയില്‍ വിശ്വസിക്കുന്നവരുടെ സമൂഹം

     

                             ദൈവത്തിന്‍റെ അത്യുത്തമ വെളിപാടാണ് ഈശോ. ദൈവം തന്നെതന്നെ മനുഷ്യനു വെളിപ്പെടുത്തിയത് ഈശോയിലൂടെയാണ്. ഈശോ തന്‍റെ ജീവിതമരണോത്ഥാനങ്ങളിലൂടെ താന്‍ ദൈവത്തിന്‍റെ പുത്രനും കര്‍ത്താവും മിശിഹായും രക്ഷകനുമാണെന്ന് വെളിപ്പെടുത്തി. ഈശോയെ മരിച്ചവരില്‍നിന്നുയര്‍പ്പിച്ചുകൊണ്ട് പിതാവായ ദൈവം ഈ വെളിപ്പെടുത്തല്‍ സ്ഥിരീകരിച്ചു.         
    നസ്രായനായ ഈശോ കര്‍ത്താവും രക്ഷകനും മിശിഹായുമാണെന്ന് ഹൃദയത്തില്‍ വിശ്വസിക്കുകയും അധരം കൊണ്ട് ഏറ്റുപറയുകയും ചെയ്യുന്നത് വിശ്വാസത്തിന്‍റെ പ്രകാശനമാണ് (റോമ. 10:9). ഇപ്രകാരം, ഈശോയില്‍ ദൈവത്തെ ദര്‍ശിച്ച് അവിടുത്തെ സ്നേഹിച്ച് അവിടുന്നിലുള്ള വിശ്വാസം ഏറ്റുപറയുന്നവരുടെ സമൂഹമാണ് സഭ. ഈശോ പിതാവിനോടുള്ള സ്നേഹത്താല്‍ പ്രേരിതനായി കുരിശില്‍ തന്നെത്തന്നെ പിതാവിനു പൂര്‍ണമായും സമര്‍പ്പിച്ചു. അതുപോലെ, ദൈവഹിതത്തിനു തന്നെത്തന്നെ സമ്പൂര്‍ണമായി സമര്‍പ്പിക്കുന്നതാണ് യഥാര്‍ത്ഥ വിശ്വാസം.
     

    വിശ്വാസത്തിന്‍റെ അഞ്ചു ഘടകങ്ങള്‍

     

    1. സ്വയം വെളിപ്പെടുത്തുന്ന ദൈവത്തിന് മനുഷ്യന്‍ നല്‍കുന്ന പ്രത്യുത്തരം.
    2. ദൈവം വെളിപ്പെടുത്തിയ കാര്യങ്ങളുടെ പൂര്‍ണമായ സ്വീകരണം.
    3. മനുഷ്യന്‍റെ പരിപൂര്‍ണമായ അനുസരണവും സമര്‍പ്പണവും.
    4. വിശ്വസിക്കാന്‍ നമ്മെ പ്രാപ്തരാക്കുന്നതും ശക്തിപ്പെടുത്തുന്നതും 
        ദൈവമാണെന്നുള്ള ബോധ്യം.
    5. വിശ്വാസം മനുഷ്യന്‍റെ പ്രത്യുത്തരമായിരിക്കുന്നതോടൊപ്പം ദൈവത്തിന്‍റെ
        സൗജന്യ ദാനവുമാണെന്നുള്ള അവബോധം.
     

     

    സുവിശേഷപ്രഘോഷണം

    വിശ്വാസത്തിലേക്കു നയിക്കുന്നു

     
                                സുവിശേഷ പ്രഘോഷണം വിശ്വാസത്തിലേക്കു കടന്നുവരാനുള്ള വാതിലാണ്. പൗലോസ് ശ്ലീഹാ ചോദിക്കുന്നു: "ഒരിക്കലും കേട്ടിട്ടില്ലാത്തവനില്‍ എങ്ങനെ വിശ്വസിക്കും? പ്രസംഗകനില്ലാതെ എങ്ങനെ കേള്‍ക്കും? അയക്കപ്പെടുന്നില്ലെങ്കില്‍ എങ്ങനെ പ്രസംഗിക്കും"? (റോമ.14:15). വിശ്വാസത്തിലേക്കു നയിക്കാന്‍ സുവിശേഷപ്രഘോഷണം ആവശ്യമാണെന്ന് ഈ തിരുവചനങ്ങള്‍ വ്യക്തമാക്കുന്നു. ഈശോ സഭയെ ഏല്പിച്ച ദൗത്യവും സുവിശേഷപ്രഘോഷണമായിരുന്നു. ഉത്ഥിതനായ ഈശോ ശ്ലീഹന്മാരോടു പറഞ്ഞു: "നിങ്ങള്‍ ലോകമെങ്ങും പോയി, എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍. വിശ്വസിച്ച് സ്നാനം സ്വീകരിക്കുന്നവന്‍ രക്ഷിക്കപ്പെടും; (മര്‍ക്കോ. 16:15-16). ഈശോയില്‍ നിന്നും ഈ ദൗത്യം ഏറ്റുവാങ്ങിയ ശിഷ്യന്മാര്‍ ലോകത്തിന്‍റെ നാനാദിക്കുകളിലേക്കും വചനപ്രഘോഷണത്തിനായി പോയി. ഈശോയിലൂടെ അവര്‍ക്കു കൈവന്ന രക്ഷയുടെ അനുഭവം അവര്‍ പ്രഘോഷിച്ചു. അവരുടെ പ്രസംഗങ്ങളും ജീവിതസാക്ഷ്യവും അനേകരെ വിശ്വാസത്തിലേക്കു നയിച്ചു
     

    മാനസാന്തരം

    വിശ്വാസത്തിന്‍റെ അവശ്യഘടകം

     

     
                             വചനശ്രവണം മാനസാന്തരത്തിലേക്കും ഈശോയിലുള്ള വിശ്വാസത്തിലേക്കും നമ്മെ നയിക്കണം. "ദൈവരാജ്യം സമീപിച്ചിരിക്കുന്നു; അനുതപിച്ച് സുവിശേഷത്തില്‍  വിശ്വസിക്കുവിന്‍" എന്ന ആഹ്വാനത്തോടെയാണ് ഈശോ തന്‍റെ പരസ്യജീവിതം ആരംഭിച്ചത്. (മര്‍ക്കോ.1:15). മനസ്സിന്‍റെ  മാറ്റമാണ് മാനസാന്തരം. ഗ്രീക്കു ഭാഷയില്‍'മെത്തനോയിയ' എന്ന പദമാണ് ഇതിന് സമാനമായി ഉപയോഗിക്കുന്നത്. 'തിരിച്ചുവരവ്' എന്നാണ് ഈ പദത്തിന്‍റെ അര്‍ത്ഥം. തെറ്റായ വഴികളില്‍ നിന്നും മാറി സുവിശേഷത്തിന്‍റെ പാതയിലൂടെ നടക്കാനുള്ള ഉറച്ച തീരുമാനമാണ് മാനസാന്തരം. തിരുവചനശ്രവണം ജീവിതപരിവര്‍ത്തനത്തിനും ഈശോയിലുള്ള വിശ്വാസത്തിനും കാരണമാകണം. ഈശോയില്‍ വിശ്വസിച്ച് അവിടുത്തെ രക്ഷകനും നാഥനുമായി ഏറ്റുപറയുന്നവര്‍ രക്ഷിക്കപ്പെടും. ഇപ്രകാരം
    രക്ഷിക്കപ്പെട്ട് രക്ഷയുടെ പൂര്‍ണതയിലേക്ക ് ചരിക്കുന്നവരുടെ സമൂഹമാണ് സഭ.

    വിശ്വാസം നമ്മെ ഐക്യപ്പെടുത്തുന്നു

     

                          ക്രൈസ്തവവിശ്വാസത്തിന് വ്യക്തിപരമായ മാനത്തോടൊപ്പം സമൂഹപരമായ മാനവുമുണ്ട്. അത് അടിസ്ഥാനപരമായി സഭാകൂട്ടായ്മയിലുള്ള പങ്കുചേരലാണ് തിരുസഭ 9). ദൈവിക വെളിപ്പെടുത്തലിന് നാം നല്‍കുന്ന പ്രത്യുത്തരമാണല്ലൊ വിശ്വാസം. ഈ പ്രത്യുത്തരമാണ് കൂട്ടായ്മ സൃഷ്ടിക്കുന്നത്. വിശ്വസിച്ചവരെല്ലാം ഒരു സമൂഹമായിത്തീര്‍ന്നു . ഏകമനസ്സോടെ ദൈവാലയത്തില്‍ ഒരുമിച്ചുകൂടി അപ്പം മുറിച്ചു. ദൈവത്തെ സ്തുതിച്ചു. അവര്‍ അപ്പസ്തോലന്മാരുടെ പ്രബോധനം, കൂട്ടായ്മ, അപ്പം മുറിക്കല്‍, പ്രാര്‍ത്ഥന എന്നിവയില്‍ സദാ താല്പര്യപൂര്‍വം പങ്കു ചേര്‍ന്നുڈ(അപ്പ.2:42-44). ആദിമസഭയുടെ ജീവിതശൈലി വിശദമാക്കുന്ന ഈ വിശുദ്ധ ഗ്രന്ഥഭാഗങ്ങള്‍ വിശ്വാസം സൃഷ്ടിക്കുന്ന കൂട്ടായ്മയുടെ ചിത്രമാണു നല്കുന്നത്
     
    .
                              സഭാകൂട്ടായ്മയിലേക്ക് ഒരാള്‍ പ്രവേശിക്കുന്നത് മാമ്മോദീസാ എന്ന കൂദാശയിലൂടെയാണ്. മറ്റു കൂദാശകള്‍ ഈ സഭാഗാത്രത്തിലുള്ള നമ്മുടെ വളര്‍ച്ചയ്ക്ക് സഹായകമാകുന്നു. ഇങ്ങനെ ദൈവത്തിന്‍റെ വിളിക്ക് പ്രത്യുത്തരം നല്കി തിരുവചനത്താലും കൂദാശകളാലും പോഷിപ്പിക്കപ്പെട്ട് പ്രാര്‍ത്ഥിച്ചും പങ്കുവച്ചും വളരുന്ന വിശ്വാസികളുടെ സമൂഹമാണ് തിരുസഭ.
     
    .
     

    ദൈവവചനം വായിക്കാം; ധ്യാനിക്കാം

     

    (അപ്പ. 2:1-47).

     
     

    ഓര്‍മ്മിക്കാന്‍ ഒരു തിരുവചനം

     

          "യേശു കര്‍ത്താവാണ് എന്ന് അധരം കൊണ്ട് ഏറ്റുപറയുകയും ദൈവം അവനെ
    മരിച്ചവരില്‍നിന്ന് ഉയിര്‍പ്പിച്ചു എന്നു ഹൃദയത്തില്‍ വിശ്വസിക്കുകയും ചെയ്താല്‍ നീ രക്ഷ പ്രാപിക്കും".
    (റോമ. 10:9).
     

    നമുക്കു പ്രാര്‍ത്ഥിക്കാം

     

     മാമ്മോദീസായിലൂടെ ഞങ്ങള്‍ക്ക് തിരുസഭയില്‍ ജന്മഠ നല്‍കിയ
     കര്‍ത്താവേ, വിശ്വാസത്താലും സ്നേഹത്താലും സഭയുടെ കൂട്ടായ്മയില്‍ ജീവിക്കുവാന്‍ ഞങ്ങളെ സഹായിക്കണമേ.
     

     

    എന്‍റെ തീരുമാനം

     

    ഈശോയിലുള്ള വിശ്വാസം പ്രകടിപ്പിക്കാന്‍ ലഭിക്കുന്ന ഒരവസരവും ഞാന്‍ നഷ്ടപ്പെടുത്തുകയില്ല.

     

    സഭയോടൊത്തു ചിന്തിക്കാം

            മിശിഹായ്ക്ക് സജീവസാക്ഷ്യം വഹിച്ചുകൊണ്ടും, പ്രത്യേകമായി വിശ്വാസത്തിന്‍റെയും സ്നേഹത്തിന്‍റെയും ജീവിതം നയിച്ചുകൊണ്ടും, ദൈവനാമത്തെ മഹത്വപ്പെടുത്തുന്ന സ്തുതിയുടെ ബലികള്‍ ദൈവത്തിനു സമര്‍പ്പിച്ചുകൊണ്ടും ദൈവജനം മിശിഹായുടെ പ്രവാചകദൗത്യത്തില്‍ പങ്കുചേരുന്നു. (തിരുസഭ 12).
     

    മാതൃസഭയെ അറിയാന്‍

     

      മാര്‍ത്തോമ്മാനസ്രാണികള്‍ തങ്ങള്‍ക്ക ് തോമ്മാശ്ലീഹായില്‍നിന്നു ലഭിച്ച ക്രിസ്തീയ വിശ്വാസം അന്നത്തെ സംസ്കാരത്തോട് അനുരൂപപ്പെടുത്തിയാണ് വളര്‍ത്തിയെടുത്തത്. ഭാരതീയ പശ്ചാത്തലത്തിനിണങ്ങുന്ന ആദ്ധ്യാത്മിക ജീവിതശൈലിയാണ് അവര്‍പാലിച്ചിരുന്നത്. അവര്‍ സ്വീകരിച്ച പൗരസ്ത്യ സുറിയാനി ആരാധനക്രമം സാംസ്കാരികാനുരൂപണങ്ങളോടെ
    വളര്‍ന്നുവന്നു. ഇങ്ങനെ തികച്ചും ഭാരതീയമായ പശ്ചാത്തലത്തില്‍ വളര്‍ന്നുവന്ന ഈ സഭയ്ക്ക് സ്വന്തമായിരുന്ന പല പൈതൃകങ്ങളും കാലക്രമത്തില്‍ നഷ്ടമായി. ഇന്ന് സ്വയാധികാരസഭയായി ഉയര്‍ത്തപ്പെട്ട നമ്മുടെ സഭ നഷ്ടപ്പെട്ടവ വീണ്ടെടുക്കാനും കാലത്തിനും സംസ്കാരത്തിനും യോജിച്ച നവീകരണം നടത്താനും ശ്രമിക്കുകയാണ്.