•    
                             ഇസ്രായേല്‍ ജനത്തിന്‍റെ വിശുദ്ധീകരണത്തിനായി ബലിയര്‍പ്പിക്കുവാന്‍ ദൈവം അഹറോനെയും അവന്‍റെ പുത്രന്മാരെയും തെരഞ്ഞെടുത്തു. അവരെ പുരോഹിതരായി അഭിഷേകം ചെയ്യുവാന്‍ ദൈവം മോശയോട് കല്പിച്ചു. പുരോഹിതാഭിഷേകത്തെക്കുറിച്ച് ലേവ്യരുടെ പുസ്തകത്തില്‍ ഇപ്രകാരം വിവരിക്കുന്നു . കര്‍ത്താവു കല്പിച്ചതുപോലെ മോശ അഹറോനെയും പുത്രന്മാരെയും സമാഗമ കൂടാരത്തിലേയ്ക്കാനയിച്ചു. ജനം മുഴുവനും അവിടെ ഒരുമിച്ചുകൂടി. അനന്തരം മോശ അഹറോനെയും പുത്രډാരെയും മുമ്പോട്ടുകൊണ്ടു വന്ന് അവരെ വെള്ളം കൊണ്ടു കഴുകി. അഹറോനെ കുപ്പായമണിയിച്ച് അരപ്പട്ടകെട്ടി, മേലങ്കിയും മറ്റു വിശുദ്ധ വസ്ത്രങ്ങളും അണിയിച്ചു. പിന്നീട് ശിരസ്സില്‍ തൈലാഭിഷേകം ചെയ്ത് അഹറോനെ വിശുദ്ധീകരിച്ചു. അഹറോന്‍റെ പുത്രന്മാരെയും മോശ ഇപ്രകാരം വിശുദ്ധ വസ്ത്രങ്ങള്‍ ധരിപ്പിച്ചു(ലേവ്യ. 8:1-13). ഇസ്രായേലിന്‍റെ പൗരോഹിത്യ ചരിത്രം ഇവിടെ ആരംഭിക്കുന്നു.
     
     
                                 ദൈവത്തിന് ആരാധനയര്‍പ്പിക്കാന്‍ മാറ്റിവയ്ക്കപ്പെട്ടവനായിരുന്നു പഴയനിയമത്തില്‍ പുരോഹിതന്‍.  ദൈവികശുശ്രൂഷയ്ക്കായി പ്രത്യേകം നിയോഗിക്കപ്പെട്ടവനാകയാല്‍ അവന്‍ പരിശുദ്ധനാകേണ്ടിയിരുന്നു. ജനത്തിനുവേണ്ടി ദൈവസന്നിധിയില്‍ ബലികളും കാഴ്ചകളും ധൂപങ്ങളും സമര്‍പ്പിക്കുകയായിരുന്നു അവന്‍റെ മുഖ്യദൗത്യം. പുരോഹിതന്‍ ജനത്തിനു വേണ്ടി പ്രാര്‍ത്ഥിച്ച് അവര്‍ക്കായി മാധ്യസ്ഥ്യം തേടിയിരുന്നു. ദൈവത്തിന്‍റെ പരിശുദ്ധിക്ക് ജനത്തിന്‍റെ മുന്‍പില്‍ സാക്ഷ്യം വഹിക്കാ നുള്ളവനുമായിരുന്നു പുരോഹിതന്‍. കര്‍ത്താവു കല്‍പിച്ചിട്ടുള്ളതെല്ലാം അനുഷ്ഠിക്കാന്‍ ജനത്തെ പഠിപ്പിക്കുക എന്നതും പുരോഹിതദൗത്യമായിരുന്നു (ലേവ്യ. 10:11).
     

    ഇസ്രായേല്‍ പുരോഹിതജനം

     

                                                     ദൈവത്തെ ആരാധിക്കുവാനും അവിടുത്തേയ്ക്
    ക്കു പുരോഹിതശുശ്രൂഷ ചെയ്യുവാനും വേണ്ടിയാണ് ഇസ്രായേലിനെ ദൈവം വിളിച്ചതും അടിമത്തത്തില്‍ നിന്നും മോചിപ്പിച്ചതും. ഇസ്രായേലിനുവേണ്ടി ദൈവത്തിനു പുരോഹിത ശുശ്രൂഷ ചെയ്യാനായി അഹറോനെയും പുത്രന്മാരെയും അവിടുന്ന് പുരോഹിതരായി അഭിഷേകം ചെയ്തു. സീനായ് ഉടമ്പടിവേളയില്‍ ദൈവം മോശയോട് ഇപ്രകാരം പറഞ്ഞിരുന്നു. അതുകൊണ്ടു നിങ്ങള്‍ എന്‍റെ വാക്കു കേള്‍ക്കുകയും എന്‍റെ ഉടമ്പടി പാലിക്കുകയും ചെയ്താല്‍ നിങ്ങള്‍ എല്ലാ ജനങ്ങളിലും വച്ച് എനിക്ക് ഏറ്റവും പ്രിയപ്പെട്ട എന്‍റെ സ്വന്തം ജനമായിരിക്കും; കാരണം,ഭൂമി മുഴുവന്‍ എന്‍റേതാണ്. നിങ്ങള്‍ എനിക്ക് പുരോഹിത രാജ്യവും വിശുദ്ധ ജനവുമായിരിക്കും (പുറ.19:5-6).
     

    പഴയനിയമ പൗരോഹിത്യവും ഈശോയുടെ പൗരോഹിത്യവും

     

                                        പൗരോഹിത്യ ശുശ്രൂഷയ്ക്കായി ദൈവത്താല്‍ പ്രത്യേകം തെരഞ്ഞെടുക്കപ്പെട്ട അഹറോനും മക്കളുമാണ് ഇസ്രായേല്‍ ജനത്തിനുവേണ്ടി ദൈവസന്നിധിയില്‍ ആരാധനയും ബലികളും അര്‍പ്പിച്ചിരുന്നത്. ഈ അവകാശം അഹറോന്‍റെ ഗോത്രത്തില്‍ തലമുറകളായി നിലനിന്നു. എന്നാല്‍ ഈ ബലികളും ആരാധനയും അപൂര്‍ണമായിരുന്നു. സമരിയാക്കാരി സ്ത്രീയുമായുള്ള സംഭാഷണത്തില്‍ ദൈവാരാധനയുടെ യഥാര്‍ത്ഥരൂപം ഈശോ വ്യക്തമാക്കി. അവിടുന്നു പറഞ്ഞു: "യഥാര്‍ത്ഥ ആരാധകര്‍ ആത്മാവിലും സത്യത്തിലും പിതാവിനെ ആരാധിക്കുന്ന സമയം വരുന്നു" (യോഹ.4:23). തന്നില്‍ പൂര്‍ത്തിയാകാനിരുന്ന നിത്യമായ ബലിയെക്കുറിച്ചും ആ ബലി അര്‍പ്പിക്കാനിരിക്കുന്ന സഭയെക്കുറിച്ചുമാണ് ഈശോ ഇതു പറഞ്ഞത്.
     
     
                                           "പാപങ്ങളകറ്റാന്‍ കഴിവില്ലാത്ത ബലികള്‍ ആവര്‍ത്തിച്ചര്‍പ്പിച്ചുകൊണ്ട് ഓരോ പുരോഹിതനും ഓരോ ദിവസവും ശുശ്രൂഷചെയ്യുന്നു. എന്നാല്‍, അവനാകട്ടെ പാപങ്ങള്‍ക്കു വേണ്ടി എന്നേക്കുമായുള്ള ഏകബലി അര്‍പ്പിച്ചുകഴിഞ്ഞപ്പോള്‍, ദൈവത്തിന്‍റെ വലത്തുഭാഗത്ത് ഉപവിഷ്ടനായി"(ഹെബ്രാ. 10:11-12). കാല്‍വരിയില്‍ സ്വയം ബലിയായി അര്‍പ്പിച്ചുകൊണ്ട് അവിടുന്ന് യഥാര്‍ത്ഥ ആരാധന നിര്‍വഹിച്ചു; അങ്ങനെ നിത്യപുരോഹിതനായി. ഈശോ നിത്യരക്ഷസാധിച്ചത് കോലാടുകളുടെയോ കാളക്കിടാങ്ങളുടെയോ രക്തത്തിലൂടെയല്ല,സ്വന്തം രക്തത്തിലൂടെയാണ് (ഹെബ്രാ. 9:12).
     
     

    മിശിഹായുടെ പൗരോഹിത്യം 

     

                                       നിത്യപുരോഹിതനായ മിശിഹായിലൂടെയാണ് സഭ തന്‍റെ ആരാധന നടത്തുന്നത്. പുരോഹിതവംശമായ ലേവി ഗോത്രത്തിലല്ല മറിച്ച് രാജവംശമായ യൂദാ ഗോത്രത്തിലാണ് ഈശോ ജനിച്ചത്. അതിനാല്‍ വംശമുറപ്രകാരം അവിടുന്ന് പുരോഹിതനല്ല. എന്നാല്‍ ദൈവപുത്രന്‍ എന്ന നിലയില്‍ ഈശോ പുരോഹിതനാണ്. ദൈവപുത്രനായ അവിടുന്ന് തന്‍റെ കുരിശില
    ബലിയിലൂടെനിത്യപുരോഹിതനായിത്തീര്‍ന്നു. സ്വന്തം രക്തത്താല്‍ അവിടുന്നര്‍പ്പിച്ച നിത്യമായ ബലിയിലാണ് പുതിയ ദൈവജനമായ സഭ പങ്കുചേരുന്നത്. ഈ പങ്കുചേരല്‍വഴി സഭ പുരോഹിതഗണവും ആരാധനാ സമൂഹവുമായി മാറുന്നു; സഭാമക്കള്‍ ദൈവത്തിന് സ്വീകാര്യരും പരിശുദ്ധരും രക്ഷിക്കപ്പെട്ടവരുമായിത്തീരുന്നു.
     
     
     

    നമ്മള്‍ പുരോഹിതജനം

     

                                           മാമ്മോദീസായിലൂടെ സഭയില്‍ അംഗങ്ങളായിത്തീര്‍ന്ന എല്ലാവരും രാജകീയ പൗരോഹിത്യത്തില്‍ പങ്കുചേരുന്നു. വിശുദ്ധ പത്രോസ് പറയുന്നു:  "നിങ്ങള്‍ തെരഞ്ഞെടുക്ക പ്പെട്ട വംശവും രാജകീയപുരോഹിതഗണവും വിശുദ്ധജനതയും ദൈവത്തിന്‍റെ സ്വന്തം ജനവുമാണ്"  (1 പത്രോ. 2:9).  എന്നാല്‍  സഭാസമൂഹത്തിന്‍റെ  ശുശ്രൂഷയ്ക്കായി  പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ടവര്‍ ശുശ്രൂഷാപൗരോഹിത്യത്തില്‍ പങ്കുചേരുന്നു. ശുശ്രൂഷാപൗരോഹിത്യത്തിലേക്ക് പ്രത്യേകം വിളിക്കപ്പെട്ടവരൊഴിച്ച് ബാക്കി എല്ലാവരും തങ്ങളുടെ രാജകീയ പൗരോഹിത്യശുശ്രൂഷ നിര്‍വഹിക്കേണ്ടവരാണ്. ഇടവക ദൈവാലയത്തോടും അജപാലകരോടും സമൂഹത്തോടും ചേര്‍ന്ന് ഈ ശുശ്രൂഷ അവര്‍ നിര്‍വഹിക്കണം. ക്രൈസ്തവന്‍ തന്‍റെ പൗരോഹിത്യശുശ്രൂഷ നിര്‍വഹിക്കേണ്ടതെങ്ങനെയെന്ന് സഭ പഠിപ്പിക്കുന്നുണ്ട്. തന്‍റെ എല്ലാ പ്രവൃത്തികളും വഴി ആത്മീയബലി അര്‍പ്പിക്കുക, അന്ധകാരത്തില്‍നിന്ന് തന്‍റെ അത്ഭുതകരമായ പ്രകാശത്തിലേയ്ക്കു വിളിച്ച അവിടുത്തെ സത്യത്തെ പ്രകീര്‍ത്തിക്കുക, പ്രാര്‍ത്ഥനകളിലും ദൈവസ്തുതികളിലും മുഴുകി വിശുദ്ധവും ദൈവത്തിനു പ്രീതികരവും സജീവവുമായ ബലിവസ്തുക്കളായി ദൈവത്തിനു സ്വയം സമര്‍പ്പിക്കുക എന്നിവയാണ് രാജകീയപുരോഹിതഗണം എന്നനിലയില്‍ സഭാമക്കളുടെ കര്‍ത്തവ്യം (തിരുസഭ 34).

      വിശുദ്ധ കുര്‍ബാന ഏറ്റവും ശ്രേഷ്ഠമായ ആരാധന  

                   

                                                 പുരോഹിതജനമായ സഭയുടെ പരമോന്നതമായ ആരാധന പരിശുദ്ധ കുര്‍ബാനയാണ്. ശിരസ്സായ മിശിഹാ തന്‍റെ ശരീരമായ സഭയോടുചേര്‍ന്ന് നിത്യപിതാവിനര്‍പ്പിക്കുന്ന പരമോന്നതമായ ആരാധനയാണ് വിശുദ്ധ കുര്‍ബാന. അതേസമയം, മിശിഹായോട് ചേര്‍ന്ന് അവിടുത്തെ ശരീരമായ സഭ അര്‍പ്പിക്കുന്ന ആരാധനയുമാണത്.വിശുദ്ധ കുര്‍ബാനയില്‍ നിത്യപുരോഹിതനായ ഈശോമിശിഹായുടെ ജീവിതത്തിലും പീഡാനുഭവത്തിലും മരണത്തിലും സംസ്കാരത്തിലും ഉത്ഥാനത്തിലും നാം പങ്കു ചേരുന്നു.
     

    ശുശ്രൂഷാപൗരോഹിത്യം

     

                                                                മാമ്മോദീസായിലൂടെ ഈശോയു പൗരോഹിത്യത്തില്‍
    പങ്കുചേര്‍ന്നവരാണ്  ക്രിസ്ത്യാനികള്‍. എന്നാല്‍ ജനത്തിനുവേണ്ടി ശുശ്രൂഷചെയ്യുവാനും വിശുദ്ധീകരണത്തിന്‍റെ ബലിയര്‍പ്പിക്കുവാനും ദൈവം ചിലരെ പ്രത്യേകമായി തെരഞ്ഞെടുത്ത് അഭിഷേകം ചെയ്യുന്നു. ഇതാണ് ശുശ്രൂഷാപൗരോഹിത്യം. പൊതുപൗരോഹിത്യവും ശുശ്രൂഷാപൗരോഹിത്യവും മിശിഹായുടെ ഏകവും നിത്യവുമായ പൗരോഹിത്യത്തിലുള്ള പങ്കുചേരലാണ്. ശുശ്രൂഷാപരമായ പൗരോഹിത്യമുള്ള ആള്‍ സഭാസമൂഹത്തെ ശുശ്രൂഷിക്കുകയും നയിക്കുകയും വിശുദ്ധീകരിക്കുകയുംചെയ്യുന്നു. മിശിഹായുടെ പ്രതിനിധിയായ അദ്ദേഹം പരിശുദ്ധ കുര്‍ബാന എന്ന ബലിയര്‍പ്പിക്കുകയും ജനം മുഴുവന്‍റേയും പേരില്‍ ആ ബലി ദൈവത്തിനു സമര്‍പ്പിക്കുകയുമാണു ചെയ്യുന്നത് (തിരുസഭ 10).
     
     
                                       അനുദിനജീവിതത്തില്‍ ഉണ്ടാകുന്ന ക്ലേശങ്ങളും ദുഃഖങ്ങളും ക്ഷമയോടെ സഹിച്ചുകൊണ്ടും നډചെയ്യാനായി നമ്മുടെ ശരീരങ്ങളെ ദൈവത്തിനു പ്രീതികരമായ സജീവബലിയായി സമര്‍പ്പിച്ചുകൊണ്ടും ദൈവത്തിന് യഥാര്‍ത്ഥ ആരാധനയര്‍പ്പിക്കുന്ന പുരോഹിതജനമായി നമ്മള്‍ മാറണം.
     

    ദൈവവചനം വായിക്കാം; ധ്യാനിക്കാം

     

    (1 പത്രോ. 2:1-10).
     

    ഓര്‍മ്മിക്കാന്‍ ഒരു തിരുവചനം

     

     

         "നിങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ട വംശവും
    രാജകീയപുരോഹിതഗണവും
    വിശുദ്ധജനതയും ദൈവത്തിന്‍റെ സ്വന്തം ജനവുമാണ്".
    (1 പത്രോ. 2:9).
     
     

    നമുക്കു പ്രാര്‍ത്ഥിക്കാം

     

         നിത്യപുരോഹിതനായ ഈശോയേ, ലോക
    വസാനം വരെ തുടരുന്നതിനായി, സ്വയം
    ബലിയായി അര്‍പ്പിച്ചുകൊണ്ട്  അങ്ങ ്
    സഭയ്ക്കു നല്കിയ വിശുദ്ധകുര്‍ബാന
    ആത്മവിശുദ്ധിയോടെ അര്‍പ്പിക്കുവാന്‍
    ഞങ്ങളെ ശക്തരാക്കണമേ.
     
     

    എന്‍റെ തീരുമാനം

     

          എന്‍റെ ജീവിതത്തില്‍ അനുഭവപ്പെടുന്ന ബുദ്ധിമുട്ടുകളെ ഈശോയുടെ ബലിയോടു
    ചേര്‍ത്ത് ഞാന്‍ സമര്‍പ്പിക്കും.
     
     

    സഭയോടൊത്തു ചിന്തിക്കാം

     

    വിശ്വാസികളുടെ പൊതുവായ പൗരോഹിത്യവും ശുശ്രൂഷാപരമായ പൗരോഹിത്യവും അളവില്‍ മാത്രമല്ല സത്താപരമായിത്തന്നെ വ്യത്യസ്തമെങ്കിലും അവയ്ക്ക് പരസ്പരബന്ധമുണ്ട്. അവരണ്ടും ക്രിസ്തുവിന്‍റെ ഏക പൗരോഹിത്യത്തിലുള്ള പങ്കുചേരലാണ് (തിരുസഭ 10).
     
     

    മാതൃസഭയെ അറിയാന്‍

     

                     ആദ്യകാലങ്ങളില്‍,  മാര്‍ത്തോമ്മാ  ക്രിസ്ത്യാനികളുടെ  ഇടയില്‍  ഇന്നത്തേതു
    പോലെയുള്ള സെമിനാരിപരിശീലനം ഇല്ലായിരുന്നു. അറിവും യോഗ്യതയുമുള്ള മല്പാന്മാരുടെ കീഴിലായിരുന്നു വൈദികാര്‍ത്ഥികളുടെ പരിശീലനം നടന്നിരുന്നത്. പരിശീലനത്തിനു പ്രത്യേക കാലദൈര്‍ഘ്യവുമില്ലായിരുന്നു. പട്ടം സ്വീകരിക്കാന്‍ യോഗ്യരാണെന്നു കാണുന്നവരെ മല്പാന്‍റെ ശുപാര്‍ശയനുസരിച്ചും ഇടവകയുടെ ആവശ്യം പരിഗണിച്ചും മെത്രാന്‍ പൗരോഹിത്യത്തിലേയ്ക്കുയര്‍ത്തും. പട്ടം സ്വീകരിച്ചുവരുന്ന വൈദികന്‍, തന്നെ അയച്ച ഇടവകയില്‍ സേവനമനുഷ്ഠിക്കും.