•  
                            ഈശോ തിബേരിയാസ് കടല്‍ത്തീരത്ത് ഒരു മലയില്‍ ശിഷ്യന്മാരോടൊത്ത് ഇരിക്കുകയായിരുന്നു. ഒരു വലിയ ജനക്കൂട്ടം തന്‍റെ അടുത്തേയ്ക്കു വരുന്നത് അവിടുന്നു കണ്ടു. ഈശോയ്ക്ക് അവരോട് അനുകമ്പ തോന്നി. അവന്‍ അവരെ പഠിപ്പിച്ചു. അവരുടെയിടയിലെ രോഗികളെ സുഖപ്പെടുത്തി. സന്ധ്യയായപ്പോള്‍ ശിഷ്യന്മാര്‍ അവിടുത്തോടു പറഞ്ഞു. ഇതൊരു വിജനസ്ഥലമാണ്; നേരവും വൈകിയിരിക്കുന്നു. ഗ്രാമങ്ങളില്‍ പോയി ഭക്ഷണം വാങ്ങാന്‍ ജനത്തെ പറഞ്ഞയച്ചാലും. ഈശോ അവരോടു പറഞ്ഞു: "നിങ്ങള്‍ തന്നെ അവര്‍ക്കു ഭക്ഷണം കൊടുക്കുവിന്‍". അന്ത്രയോസ് അവനോടു പറഞ്ഞു: "അഞ്ചു ബാര്‍ലിയപ്പവും രണ്ടു മീനും കൈവശമുള്ള ഒരു കുട്ടി ഇവിടെയുണ്ട്. എന്നാല്‍, ഇത്രയും പേര്‍ക്കു അതെന്തുണ്ട്"? ജനങ്ങളെ പന്തികളായി ഇരുത്തുവാന്‍ ഈശോ അവരോടു പറഞ്ഞു. അനന്തരം ഈശോ അപ്പവും മീനും, ആശീര്‍വദിച്ച് വിളമ്പാനായി അവരെ ഏല്‍പിച്ചു. അവര്‍ ഭക്ഷിച്ചു തൃപ്തരായി. ശേഷിച്ച കഷണങ്ങള്‍ പന്ത്രണ്ടു കുട്ട നിറയെ ശേഖരിക്കുകയും ചെയ്തു. (യോഹ. 6:1-13; മത്താ. 14:13-21).
     

    പങ്കുവയ്ക്കല്‍

    മിശിഹായുടെ ജീവിതത്തിലും പ്രബോധനത്തിലും

     

                                         വിശപ്പും ദാഹവും അനുഭവിക്കുന്നവരെയും, രോഗങ്ങളാലും വേദനകളാലും വലയുന്നവരെയും, പാപഭാരത്താല്‍ ഉള്ളം നീറുന്നവരെയും തേടിയെത്തിയ രക്ഷകനാണ് ഈശോ. അവിടുന്ന് അവര്‍ക്കായി സ്വയം സമര്‍പ്പിച്ചു തന്‍റെ മാംസവും രക്തവും സ്വജീവന്‍ തന്നെയും അവിടുന്നു ദാനം ചെയ്തു. പങ്കുവയ്ക്കുന്ന ഈശോയുടെ മനോഭാവമാണ് അവിടുത്തെ ശിഷ്യര്‍ സ്വന്തമാക്കേണ്ടത്.
     
     
                                      രണ്ടുവസ്ത്രമുള്ളവന്‍ ഇല്ലാത്തവനുമായി പങ്കുവയ്ക്കട്ടെ, ഭക്ഷണസാധനമുള്ളവനും അങ്ങനെ തന്നെ ചെയ്യട്ടെ എന്നാണ് ഈശോയുടെ മുന്നോടിയായ യോഹന്നാന്‍മാംദാന ജനത്തോടു പറഞ്ഞത് (ലൂക്കാ3:11).ഈശോയുടെ പ്രബോധനങ്ങളിലും പങ്കുവയ്ക്കലിന്‍റെ സന്ദേശം നിറഞ്ഞുനിന്നു. അവിടുന്നു പറയുന്നു: നിങ്ങള്‍ക്കു ദാനമായി ലഭിച്ചത് ദാനമായിത്തന്നെ കൊടുക്കുക; നിന്‍റെ ഉടുപ്പു കൈവശമാക്കാനാഗ്രഹിക്കുന്നവന് മേലങ്കികൂടി വിട്ടുകൊടുക്കുക. വലതുകൈ ചെയ്യുന്നതെന്തെന്ന് ഇടതുകൈഅറിയാത്തവിധം ദാനം ചെയ്യുക(മത്താ. 10:8,5:40-42,6:3-4). നല്ല സമരിയാക്കാരന്‍റെ ഉപമ നമ്മെ പഠിപ്പിക്കുന്നതും മറ്റൊന്നല്ല. ഈശോ അപ്പം വര്‍ദ്ധിപ്പിച്ചതും വിശക്കുന്നവര്‍ക്കു പങ്കുവയ്ക്കാനായിരുന്നല്ലൊ. ഈശോയുടെ ഈ മാതൃകയും പ്രബോധനങ്ങളും പിന്‍തുടരാന്‍ നിയുക്തയായ സഭയ്ക്ക് പങ്കുവയ്ക്കുന്ന സമൂഹമാകാതിരിക്കാന്‍ സാധ്യമല്ല.
     

    ആദിമസഭയുടെ മാതൃക

     

                                            ഈശോയുടെ അനുകമ്പയും പങ്കുവയ്ക്കാനുള്ള സന്നദ്ധതയും ആദിമസഭ അതിന്‍റെ പൂര്‍ണതയില്‍ ഉള്‍ക്കൊണ്ടു. അപ്പസ്തോലപ്രവര്‍ത്തനങ്ങളില്‍ പറയുന്നതുപോലെ വിശ്വാസികളുടെ സമൂഹത്തിന് ഒരു ഹൃദയവും ഒരാത്മാവുമായിരുന്നു. ആരും തങ്ങളുടെ വസ്തുക്കള്‍ സ്വന്തമെന്ന് അവകാശപ്പെട്ടില്ല. എല്ലാം പൊതുസ്വത്തായിരുന്നു. അവരുടെ ഇടയില്‍ ദാരിദ്ര്യനുഭവിക്കുന്നവര്‍ ആരും ഉണ്ടായിരുന്നില്ല. കാരണം അവര്‍ സ്വന്തമായുായിരുന്നവയെല്ലാം വിറ്റു കിട്ടിയ തുക അപ്പസ്തോലന്മാരുടെ കാല്‍ക്കലര്‍പ്പിച്ചു. അത് ഓരോരുത്തര്‍ക്കും ആവശ്യമനുസരിച്ച് വിതരണം ചെയ്യപ്പെട്ടു. (അപ്പ. 4:32-36). അപ്പസ്തോലന്മാരുടെ പ്രബോധനത്തിലും അപ്പം മുറിക്കലിലും പ്രാര്‍ത്ഥനയിലും സദാ താല്പര്യപൂര്‍വം പങ്കുചേര്‍ന്നിരുന്ന അവര്‍ തങ്ങളുടെ കൂട്ടായ്മ പങ്കുവയ്ക്കലിലൂടെ പ്രകടമാക്കി (അപ്പ. 2:42). തങ്ങള്‍ക്കുള്ളതെല്ലാം പങ്കുവയ്ക്കുന്ന ഉദാരതയുടെ മനോഭാവം അവരില്‍ വളര്‍ന്നപ്പോള്‍ അവരുടെയിടയില്‍ ദാരിദ്ര്യദുഃഖം അനുഭവിക്കുന്നവരാരും ഇല്ലാതായി.
     

    ആദിമസഭയുടെ പ്രബോധനം

     

                                സമ്പന്നനായിരുന്നിട്ടും നമ്മെപ്രതി ദരിദ്രനായിത്തീര്‍ന്ന മിശിഹായുടെ മാതൃക  അനുകരിച്ച് നാം ഔദാര്യമുള്ളവരാകണം. ദരിദ്രര്‍ക്കുവേണ്ടിയുള്ള ധനസഹായത്തെക്കുറിച്ചും ദാനധര്‍മ്മത്തെക്കുറിച്ചും പൗലോസ് ശ്ലീഹാ തന്‍റെ ലേഖനങ്ങളിലൂടെ നമ്മെ ഉദ്ബോധിപ്പിക്കുന്നു (ഫിലി. 4:15-18). സന്തോഷപൂര്‍വം കൊടുക്കുന്നവനെയാണ് ദൈവം സ്നേഹിക്കുന്നത് (2 കോറി. 9:7). ദാനം ചെയ്യുന്നത് ദൈവത്തിനു സ്വീകാര്യമായ ബലിയാണ്. ആവശ്യക്കാരനെ സഹായിച്ചുകൊണ്ട് നമ്മുടെ വിശ്വാസം പ്രവൃത്തിയിലൂടെ തെളിയിക്കണം എന്നാണ് യാക്കോബ്ശ്ലീഹാ പഠിപ്പിക്കുന്നത്. "ഒരു സഹോദരനോ സഹോദരിയോ ആവശ്യത്തിനു വസ്ത്രമോ ഭക്ഷണമോ ഇല്ലാതെ കഴിയുമ്പോള്‍ നിങ്ങളിലാരെങ്കിലും ശരീരത്തിന് ആവശ്യമായത് അവര്‍ക്കുകൊടുക്കാതെ, സമാധാനത്തില്‍ പോവുക; തീ കായുക; വിശപ്പടക്കുക എന്നൊക്കെ അവരോടു പറയുന്നെങ്കില്‍, അതുകൊണ്ട് എന്തുപ്രയോജനം? പ്രവൃത്തികള്‍ കൂടാതെയുള്ള വിശ്വാസം അതില്‍തന്നെ നിര്‍ജീവമാണ്" (യാക്കോ.2:15-17). ഇപ്രകാരമുള്ള പ്രബോധനങ്ങളിലൂടെ ഔദാര്യപൂര്‍വം പങ്കുവയ്ക്കാനുള്ള പ്രചോദനവും മാതൃകയും ശിഷ്യന്മാര്‍ ആദിമസഭയ്ക്ക് നല്‍കിക്കൊണ്ടിരുന്നു.
     
     
                                                ആദിമസഭയിലെ അപ്പംമുറിക്കല്‍വേള പാവങ്ങളുമായുള്ള പങ്കുചേരലിനുള്ള അവസരം കൂടിയായിരുന്നു. കര്‍ത്താവിന്‍റെ അത്താഴത്തോടനുബന്ധിച്ചുള്ള സ്നേഹവിരുന്നില്‍ പാവങ്ങളെ അവഗണിച്ചതിന് കോറിന്തോസിലെ സഭയെ പൗലോസ്ശ്ലീഹാ ശാസിക്കുന്നുണ്ട്. യൂദയായിലെ പാവപ്പെട്ട സഭകള്‍ക്കുവേണ്ടി പിരിവെടുക്കുന്നതു സംബന്ധിച്ച് വിശുദ്ധ പൗലോസ് ഇങ്ങനെ പറയുന്നു: "നിങ്ങള്‍ ഓരോരുത്തരും കഴിവനുസരിച്ചുള്ള തുക ആഴ്ചയിലെ ആദ്യദിവസം നീക്കിവയ്ക്കണം"(1 കോറി. 16:2).
     
     
     

    ഉത്ഥാനത്തിലുള്ള പ്രത്യാശ, പങ്കുവയ്ക്കാനുള്ള പ്രേരണ

     

                                               ദൈവജനത്തിനായി തങ്ങള്‍ക്കുള്ളവ പങ്കുവയ്ക്കുന്നതിന് ആദിമ ക്രൈസ്തവസമൂഹത്തിന് പ്രചോദനം നല്‍കിയത് ഉത്ഥാനത്തിലുള്ള പ്രതീക്ഷയായിരുന്നു. ഈ ചെറിയവരിലൊരുവന് നിങ്ങള്‍ ചെയ്തപ്പോഴെല്ലാം എനിക്കുതന്നെയാണ് ചെയ്തതെന്ന അന്ത്യവിധിയെക്കുറിച്ചുള്ള ഈശോയുടെ പ്രബോധനം അവരെ ശക്തമായി സ്വാധീനിച്ചിരുന്നു. ഭൗമികമായതിലുള്ള സുരക്ഷിതത്വം വെടിയുന്നവര്‍ക്കേ പങ്കുവയ്ക്കാന്‍ കഴിയൂ. ദൈവത്തിലുള്ള അചഞ്ചലമായ പ്രത്യാശയാണ് ഇതിനു നമ്മെ പ്രേരിപ്പിക്കുന്നത്. ലോകത്തിലുള്ളതെല്ലാം നശ്വരമാണെന്നും എന്തെല്ലാം സമ്പാദിച്ചുകൂട്ടിയാലും മരിക്കുമ്പോള്‍ ഒന്നും കൂടെകൊണ്ടു പോകുന്നില്ലെന്നുമുള്ള ജ്ഞാനമാണ് മനുഷ്യനെ പങ്കുവയ്ക്കാന്‍ സഹായിക്കുന്നത്. അതുവഴി മരണശേഷവും കൂടെവരാന്‍ കഴിവുള്ള സല്‍പ്രവൃത്തികള്‍ ചെയ്യാന്‍ പ്രേരിതനാകുന്നു.

    ബലിയര്‍പ്പണവും പങ്കുവയ്ക്കലും

     

                                       ക്രൈസ്തവജീവിതത്തിന്‍റെ ശക്തികേന്ദ്രമായ വിശുദ്ധ കുര്‍ബാന പങ്കുവയ്ക്കാന്‍ നമ്മെ സഹായിക്കുന്നു. വിശുദ്ധ കുര്‍ബാനയില്‍ മുറിച്ചുനല്‍കുന്ന അപ്പവും പങ്കുവയ്ക്കപ്പെടുന്ന പാനീയവും ആരാധകസമൂഹത്തിന് കര്‍മമണ്ഡലങ്ങളില്‍ സ്വയം മുറിച്ചുവിളമ്പാനുള്ള ആഹ്വാനമാണ് നല്‍കുന്നത്. ഈശോയുടെ ബലിയില്‍ പങ്കുചേരുന്ന നമ്മളും പങ്കുവയ്ക്കാന്‍ തയ്യാറാകണം. അറിവും കഴിവും സമയവും സമ്പത്തും ആരോഗ്യവുമെല്ലാം മറ്റുള്ളവരുടെ നډയ്ക്കായി ഉപയോഗിക്കുമ്പോള്‍ സഭയുടെ പങ്കുവയ്ക്കുന്ന സ്വഭാവത്തിനു സാക്ഷ ികളാകാന്‍ നമുക്കു സാധിക്കും.
     

    പങ്കുവയ്ക്കുന്ന സഭ

     

                                              മിശിഹായുടെ ശരീരമായിരിക്കുന്ന സഭയുടെ അടിസ്ഥാന സ്വഭാവമാണു പങ്കുവയ്ക്കല്‍. ശരീരത്തിലെ ഏതെങ്കിലുമൊരു അവയവം വേദനിക്കുമ്പോള്‍ ബാക്കി എല്ലാ അവയവങ്ങളും വേദനിക്കും. ആ വേദന നീക്കാനുള്ള യത്നങ്ങളും നടത്തും. അതുപോലെ സഭാംഗങ്ങളുടെ വേദനകള്‍ പരിഹരിക്കുവാന്‍ നമ്മുടെ ജീവകാരുണ്യപ്രവര്‍ത്തനങ്ങളിലൂടെ നാം പരിശ്രമിക്കണം.
     
     
                                            ലോകജനസംഖ്യയിലെ ബഹുഭൂരിപക്ഷം വരുന്ന ദരിദ്രര്‍ക്ക് ആശാകേന്ദ്രമാ യിരിക്കുന്നത് സഭയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളാണ്. കത്തോലിക്കാസഭയുടെ സ്ഥാപനങ്ങള്‍ അവയുടെ അധ്വാനഫലങ്ങളും കഴിവുകളും വ്യക്തിപരമായി സംരക്ഷിക്കാതെ പൊതുനډയ്ക്കായി ഉപയോഗിക്കുകയാണു ചെയ്യുന്നത്. സഭ നടത്തുന്ന വിദ്യാലയങ്ങള്‍, ആശുപത്രികള്‍, അനാഥാലയങ്ങള്‍, കൗണ്‍സിലിംഗ് സെന്‍ററുകള്‍, മാനസികരോഗ ചികിത്സാലയങ്ങള്‍, ബാലഭവനങ്ങള്‍, കുഷ്ഠരോഗാശുപത്രികള്‍, ബുദ്ധിമാന്ദ്യം സംഭവിച്ചവര്‍ക്കും വികലാംഗര്‍ക്കുമുള്ള ഭവനങ്ങള്‍, ജയില്‍ വിമുക്തര്‍ക്കും അവരുടെ മക്കള്‍ക്കുമുള്ള പുനരധിവാസകേന്ദ്രങ്ങള്‍, എയ്ഡ്സ് രോഗികള്‍ക്കും ക്യാന്‍സര്‍ രോഗികള്‍ക്കുമുള്ള സംരക്ഷ ണാലയങ്ങള്‍ തുടങ്ങിയവയെല്ലാം ഇതിനുദാഹരണങ്ങളാണ്.
     
     
                         കുഷ്ഠരോഗികളെ പരിചരിച്ച് കുഷ്ഠരോഗിയായി മരിച്ച ഫാദര്‍ ഡാമിയനും അഗതികള്‍ക്കും അനാഥര്‍ക്കും ആലംബമായിത്തീര്‍ന്ന വിശുദ്ധ വിന്‍സെന്‍റെ ് ഡി പോളും കാരുണ്യപ്രവര്‍ത്തനങ്ങള്‍വഴി ലോകത്തിന്‍റെ തന്നെ അമ്മയായി മാറിയ വിശുദ്ധ മദര്‍തെരേസയും സഭയ്ക്ക ് എന്നും അഭിമാനമാണ്. നിരാലംബരും ദുഃഖിതരും പീഡിതരും ദുരിതമനുഭവിക്കുന്നവരുമായ ജനതയ്ക്കുവേണ്ടി സഭ എന്നും പ്രവര്‍ത്തനനിരതയായിരിക്കണം. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ കഴിവിനൊത്തു പങ്കുചേര്‍ന്നുകൊണ്ട് പങ്കുവയ്ക്കുന്ന സഭയെ ലോകത്തില്‍ പ്രതിഫലിപ്പിക്കാന്‍ സഭാമക്കള്‍ക്കു കഴിയണം
     

    ദൈവവചനം വായിക്കാം; ധ്യാനിക്കാം

     

    (അപ്പ. 4:32-5:11).
     
     

    ഓര്‍മ്മിക്കാന്‍ ഒരു തിരുവചനം

     

    "എന്‍റെ ഏറ്റവും എളിയ ഈ സഹോദരന്മാരില്‍ ഒരുവന് നിങ്ങള്‍ ഇതു ചെയ്തു
    കൊടുത്തപ്പോള്‍ എനിക്കുതന്നെയാണ് ചെയ്തുതന്നത്"(മത്താ. 25:40).
     
     

    നമുക്കു പ്രാര്‍ത്ഥിക്കാം

     

    എളിയവരായ ഞങ്ങള്‍ക്കുവേണ്ടി സ്വയം പങ്കുവച്ചു നല്‍കിയ ഈശോയേ, അങ്ങ് ഞങ്ങള്‍ക്കു നല്‍കിയിട്ടുള്ള ദാനങ്ങള്‍ മറ്റുള്ളവര്‍ക്കായി പങ്കുവയ്ക്കാന്‍ ഞങ്ങളെ സഹായിക്കണമേ.
     
     

    എന്‍റെ തീരുമാനം

     

    എന്‍റെ സഹപാഠികളെ സഹായിക്കാന്‍ ഞാന്‍ എന്‍റെ സമയവും കഴിവുകളും വിനിയോഗിക്കും
     

    സഭയോടൊത്തു ചിന്തിക്കാം

     

    മാനുഷികമായ ബലഹീനതകള്‍മൂലം ഞെരുക്കമനുഭവിക്കുന്നവരെ സഭ സസ്നേഹം ആശ്ലേഷിക്കുന്നു. പാവപ്പെട്ടവനിലും പീഡിതനിലും ദരിദ്രനും പീഡിതനുമായ ദിവ്യനാഥന്‍റെ പ്രതിഛായ ദര്‍ശിക്കുന്നു. അവരുടെ അവശതകള്‍ പരിഹരിക്കാന്‍ പരമാവധി പരിശ്രമിക്കുകയും ചെയ്യുന്നു. അവരിലൂടെ അവള്‍ മിശിഹാനാഥനെ ശുശ്രൂഷിക്കുകയാണ്.(തിരുസഭ 8)
     

    മാതൃസഭയെ അറിയാന്‍

     

    മാര്‍ത്തോമ്മാക്രിസ്ത്യാനികള്‍ നോമ്പും ഉപവാസവും ദാനധര്‍മവും നിഷ്ഠയോടെ അനുഷ്ഠിച്ചിരുന്നു. ആണ്ടുവട്ടത്തിലെ ബുധനാഴ്ചകളും വെള്ളിയാഴ്ചകളും കൂടാതെ ഇരുപത്തഞ്ച് നോമ്പ്, മൂന്നു നോമ്പ്, അന്‍പതു നോമ്പ്, പതിനഞ്ച് നോമ്പ്, എട്ട് നോമ്പ് എന്നീ കാലങ്ങളിലും അവര്‍ നോമ്പാചരിച്ചിരുന്നു. സസ്യാഹാരം മാത്രമേ നോമ്പുകാലത്ത് അവര്‍ ഉപയോഗിച്ചിരുന്നുള്ളു. ഉപവാസദിനങ്ങള്‍ പ്രത്യേക പ്രാര്‍ത്ഥനകളുടെയും ദാനധര്‍മങ്ങളുടെയും ദിവസങ്ങള്‍ ആയിരുന്നു.