പാഠം 8
സഭ: പ്രവാചക ജനം
-
ഇസ്രായേലിലെ ശക്തനായ ഒരു പ്രവാചകനായിരുന്നു ജറെമിയ. ജറെമിയായുടെവിളി ഇപ്രകാരമായിരുന്നു. കര്‍ത്താവു ജറെമിയായോട് അരുളിച്ചെയ്തു: "മാതാവിന്‍റെ ഉദരത്തില്‍ നിനക്കു രൂപം നല്‍കുന്നതിനുമുന്‍പേ ഞാന്‍ നിന്നെ അറിഞ്ഞു; ജനിക്കുന്നതിനു മുമ്പേ ഞാന്‍ നിന്നെ വിശുദ്ധീകരിച്ചു. ജനതകള്‍ക്ക് പ്രവാചകനായി ഞാന്‍ നിന്നെ നിയോഗിച്ചു". അപ്പോള്‍ ജറെമിയ പറഞ്ഞു:"ദൈവമായ കര്‍ത്താവേ, ഞാന്‍ കേവലം ബാലനാണ്. സംസാരിക്കാന്‍ എനിക്ക് പാടവമില്ല. കര്‍ത്താവ് ജറെമിയായോട് അരുളിച്ചെയ്തു: വെറും ബാലനാണെന്നു നീ പറയരുത്. ഞാന്‍ അയയ്ക്കുന്നിടത്തേയ്ക്ക് നീ പോകണം; ഞാന്കല്പിക്കുന്നതെന്തും നീ സംസാരിക്കണം. നീ അവരെ ഭയപ്പെടേണ്ടാ, നിന്‍റെ രക്ഷയ്ക്കു നിന്നോടുകൂടെ ഞാനുണ്ട്; കര്‍ത്താവാണിതു പറയുന്നത്".അനന്തരം കര്‍ത്താവു കൈനീട്ടി ജറെമിയായുടെ അധരത്തില്‍ സ്പര്‍ശിച്ചുകൊണ്ട് അരുളിച്ചെയ്തു: "ഇതാ, എന്‍റെ വചനങ്ങള്‍ നിന്‍റെ നാവില്‍ ഞാന്‍ നിക്ഷേപിച്ചിരിക്കുന്നു. ജനതകളുടെയും രാജ്യങ്ങളുടെയുംമേല്‍ നിന്നെ ഞാന്‍ അവരോധിച്ചിരിക്കുന്നു"(ജറെ. 1:4-10).ഇസ്രായേലിനെ തന്‍റെ സ്വന്തം ജനമായി രൂപപ്പെടുത്താനും അവരെ തന്‍റെ ഹിതം അറിയിക്കുവാനും അതനുസരിച്ച് അവരെ നയിക്കുവാനുമായി കാലാകാലങ്ങളില്‍ ദൈവം പ്രവാചകډാരെ തെരഞ്ഞെടുത്തു നല്‍കിയിരുന്നു. ഇസ്രായേലിന്‍റെ ചരിത്രത്തില്‍ മോശ, ജോഷ്വാ തുടങ്ങിയ നേതാക്കډാരെല്ലാം ഈ പ്രവാചക ദൗത്യം നിര്‍വഹിച്ചിരുന്നതായി കാണാം. ഏശയ്യാ, ജറെമിയാ, എസക്കിയേല്‍, ആമോസ്, ഹോസിയ തുടങ്ങി നിരവധി പ്രവാചകډാരെ ദൈവം ഇസ്രായേലിനു നല്‍കി
പ്രവാചകന്‍റെ പ്രത്യേകതകള്‍
ദൈവത്തിന്‍റെ ഹിതം ജനങ്ങളെ അറിയിക്കുന്നവനാണ് പ്രവാചകന്‍ ദൈവത്തിനുവേണ്ടിഅവന്‍ സംസാരിക്കുന്നു. ദൈവഹിതം സ്വജീവിതത്തില്‍ പ്രായോഗികമാക്കി സാക്ഷ്യം വഹിക്കുകയും ചെയ്യുന്നു. ദൈവഹിതം അറിയിക്കാനും സാക്ഷ്യപ്പെടുത്താനും ദൈവത്താല്‍ തെരഞ്ഞെടുക്കപ്പെട്ടവനും നിയോഗിക്കപ്പെട്ടവനു മെന്നനിലയില്‍ പ്രവാചകന്‍റെ ജീവിതം എപ്പോഴും ആനന്ദകരമായിരിക്കുകയില്ല. തെറ്റുകള്‍ക്കുനേരെ വിരല്‍ചൂണ്ടുമ്പോള്‍ തിരസ്ക്ക രണങ്ങളും പീഡനങ്ങളും ജീവഹാനി തന്നെയും അഭിമുഖീകരിക്കേണ്ടി വന്നേക്കാം. എങ്കിലും ദൈവാത്മാവിനാല്‍ നയിക്കപ്പെടുന്നവനാകയാല്‍ ഒന്നിലും പതറാതെ സത്യത്തിനു സാക്ഷ്യം വഹിക്കാന്‍ പ്രവാചകന്‍ വളരെയേറെ ശ്രദ്ധിക്കുന്നു. രാജകൊട്ടാരങ്ങളിലേക്ക് ധൈര്യപൂര്‍വം കടന്നുചെന്ന് തെറ്റു ചൂണ്ടിക്കാണിക്കാനുള്ള ധൈര്യം പഴയനിയമത്തിലെ പ്രവാചകര്‍ക്കുണ്ടായിരുന്നു.സഭാമക്കളുടെ പ്രവാചകദൗത്യം
പന്തക്കുസ്താദിനത്തില്‍ പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞ ശിഷ്യസമൂഹം വിവിധ ഭാഷകളില്‍ സംസാരിക്കുകയും പ്രവചിക്കുകയും ചെയ്തു. വിവിധ ദേശങ്ങളില്‍ നിന്നുമായി ജറുസലേമില്‍ അന്നുണ്ടായിരുന്നവരെല്ലാം ഇതു കണ്ട് അത്ഭുതപ്പെട്ടു. ആദിമക്രൈസ്തവസമൂഹം പരിശുദ്ധാത്മാവിനെ സ്വീകരിച്ചപ്പോള്‍ പ്രവാചകജനമായി മാറി (അപ്പ.2:14-19). മാമ്മോദീസായിലൂടെയും തൈലാഭിഷേകത്തിലൂടെയും പരിശുദ്ധാത്മാവിനെ സ്വീകരിക്കുന്ന സഭാമക്കളും പ്രവാചകജനമായിത്തീരുന്നു. ദൈവാത്മാവിനാല്‍ അഭിഷിക്തരും നയിക്കപ്പെടുന്നവരുമാണ് പ്രവാചകജനം. ഈശോ പറഞ്ഞു: "പരിശുദ്ധാത്മാവു നിങ്ങളുടെമേല്‍ വന്നുകഴിയുമ്പോള്‍ നിങ്ങള്‍ ശക്തി പ്രാപിക്കും. ജറുസലേമിലും യൂദയാമുഴുവനിലും സമരിയായിലും ഭൂമിയുടെ അതിര്‍ത്തികള്‍വരെയും നിങ്ങള്‍ എനിക്കു സാക്ഷികളായിരിക്കുകയും ചെയ്യും" (അപ്പ. 1:8). ആത്മാവിനെ സ്വീകരിച്ചു പ്രവാചകജനമായി തീരുന്ന സഭാമക്കളുടെ ദൗത്യം മിശിഹായുടെ സാക്ഷികളാവുക എന്നതാണ്.ഭൂമിയുടെ ഉപ്പും ലോകത്തിന്‍റെ
പ്രകാശവും
ഈശോ തന്‍റെ ശിഷ്യരോട് പറഞ്ഞു: നിങ്ങള്‍ ഭൂമിയുടെ ഉപ്പാണ്. അവിടുന്നു വീണ്ടും പറഞ്ഞു: നിങ്ങള്‍ ലോകത്തിന്‍റെ പ്രകാശമാണ് (മത്താ.5:13-14). ഉപ്പിന്‍റെ ഉറകെട്ടുപോകാതെയും പ്രകാശം അണഞ്ഞു പോകാതെയും സൂക്ഷിക്കാന്‍ അവിടുന്നു മുന്നറിയിപ്പു നല്‍കി. ഉപ്പ് ഭക്ഷ്യവസ്തുക്കള്‍ അഴുകിപ്പോകാതെ സൂക്ഷിക്കുന്നു; രുചിവര്‍ദ്ധിപ്പിക്കുന്നു. സമൂഹത്തിലെ തിډകളെ അകറ്റാനും ആത്മാവിലുള്ള ജീവിതത്തിന്‍റെ രുചി പകരാനുമുള്ള പ്രവാചകദൗത്യമാണ് സഭയില്‍ നമുക്കോരോരുത്തര്‍ക്കുമുള്ളത്. സഭാമക്കള്‍ എവിടെ ആയിരുന്നാലും മാതൃകാപരമായ ജീവിതത്തിലൂടെയും വചനപ്രഘോഷണത്തിലൂടെയും ഈശോയ്ക്കു സാക്ഷ്യം വഹിക്കാന്‍ വിളിക്കപ്പെട്ടിരിക്കുന്നു. ധാര്‍മികാധഃപതനം, കാപട്യം, വഞ്ചന തുടങ്ങിയ തിډകള്‍ക്കടിപ്പെട്ട് അന്ധകാരത്തിലായിരിക്കുന്ന മനുഷ്യര്‍ക്ക് ഈശോയുടെ പ്രകാശം പകരാന്‍ കടപ്പെട്ട പ്രവാചകരാണു ക്രൈസ്തവര്‍.സ്വര്‍ഗരാജ്യത്തിന്‍റെ പുളിമാവ്
സ്വര്‍ഗരാജ്യത്തിന്‍റെ പുളിമാവായി ലോകത്തില്‍ വ്യാപരിക്കേണ്ട സഭ പ്രവാചകډാരെപ്പോലെ ദൈവഹിതത്തിനും ദൈവരാജ്യത്തിന്‍റെ മൂല്യങ്ങള്‍ക്കും സാക്ഷ്യം വഹിക്കണം. അല്പം പുളിമാവ് മുഴുവന്‍ മാവിനെയും പുളിപ്പിക്കുന്നു (മത്താ. 13:33). അതുപോലെ സത്യത്തിന്‍റെയും സ്നേഹത്തിന്‍റെയും നിസ്വാര്‍ത്ഥതയുടെയും സാക്ഷികളായി ജീവിച്ചുകൊണ്ട് ഈ ലോകത്തില്‍ ദൈവരാജ്യം വളര്‍ത്താന്‍ ഈശോ നിക്ഷേപിച്ച പുളിമാവാണ് ക്രൈസ്തവര്‍.സത്യത്തിനു സാക്ഷ്യം വഹിക്കുക
ഈശോ പറഞ്ഞു: സത്യത്തിനു സാക്ഷ്യം നല്‍കാന്‍ വേണ്ടിയാണ് ഞാന്‍ ലോകത്തിലേക്കു വന്നത് (യോഹ 18:37). ഈശോയുടെ വചനങ്ങളും പ്രവൃത്തികളും ഇതു തെളിയിക്കുകയും ചെയ്തു. ഈശോയെപ്പോലെ ഈ ലോകത്തില്‍ സത്യത്തിനു സാക്ഷ്യം വഹിക്കുവാന്‍ പ്രവാചകദൗത്യം നമ്മെ കടപ്പെടുത്തുന്നു. അസത്യത്തിനും അനീതിക്കുമെതിരെ പടപൊരുതി സത്യത്തിനും നീതിക്കും സ്നേഹത്തിനും സാക്ഷ്യം.വഹിച്ച് ലോകമനഃസാക്ഷിയായി സഭ മാറണം. ഇതാണ് സഭയുടെ പ്രവാചകദൗത്യം.തിډയ്ക്കെതിരെ ശബ്ദമുയര്‍ത്തിയതിന്‍റെ പേരില്‍ തല വെട്ടപ്പെട്ടവനാണ് സ്നാപകയോഹന്നാന്‍. വിശുദ്ധ തോമസ് മൂറിനെപ്പോലെയുള്ള അനേകം വിശുദ്ധാത്മാക്കള്‍ പ്രവാചകസഭയുടെ അരുമസന്താനങ്ങളായുണ്ട്.അല്മായരും പ്രവാചകദൗത്യവും
വൈദികരും സന്യസ്തരുമായ സമര്‍പ്പിതരെപ്പോലെതന്നെ അല്മായരും പ്രവാചകദൗത്യമുള്ളവരാണ്. മാമ്മോദീസാ സ്വീകരിച്ച് സഭാമക്കളായിത്തീരുന്ന ഓരോ വ്യക്തിയ്ക്കും ലഭിക്കുന്ന പ്രത്യേക വിളിയാണ് പ്രവാചകദൗത്യം. ഏറ്റവും വലിയ പ്രവാചകനായ ഈശോ തന്‍റെ പ്രവാചകദൗത്യം അവിടുത്തെ രണ്ടാമത്തെ ആഗമനം വരെ തുടരാന്‍ സഭയെ നിയോഗിച്ചു. ഈശോയുടെ സാക്ഷികളും പ്രവാചകരും ആകാനുള്ള കൃപയും ഓരോ അല്മായനും ലഭിച്ചിരിക്കുന്നു (തിരുസഭ 35). കൂദാശകളുടെ സ്വീകരണം വഴി ശക്തി പ്രാപിച്ചും, വിശ്വാസപ്രേരിതമായ ജീവിതം നയിച്ചുകൊണ്ടുള്ള മാതൃകയാലും, വചനത്താലും, സുവിശേഷം പ്രചരിപ്പിച്ചുമാണ് അല്മായര്‍ തങ്ങളുടെ പ്രവാചകദൗത്യം പ്രധാനമായും നിര്‍വഹിക്കേണ്ടത്.അല്മായരുടെ പ്രവാചകദൗത്യത്തെ സംബന്ധിച്ചിടത്തോളം കുടുംബജീവിതവും വലിയ പ്രാധാന്യ മര്‍ഹിക്കുന്നു. ഭാര്യാഭര്‍ത്താക്കډാര്‍ തമ്മില്‍ത്തമ്മി ലും മക്കളുടെ മുന്‍പിലും സമൂഹത്തിലും വിശ്വാസത്തിന്‍റെയും മിശിഹായുടെ സ്നേഹത്തിന്‍റെയും സാക്ഷികളാകുക എന്നതാണ് അവരുടെ ദൗത്യം.സഭയുടെ പ്രവാചകദൗത്യത്തില്‍ പങ്കുചേരാന്‍ ക്രൈസ്തവരായ നാമെല്ലാവരുംബാദ്ധ്യസ്ഥരാണ്. ഇന്നത്തെ ലോകത്തിന്‍റെ സാഹചര്യത്തില്‍ ദൈവാത്മാവിനാല്‍ ശക്തിപ്പെട്ട് പ്രവാചകദൗത്യം നിര്‍വഹിക്കാന്‍ നമുക്ക് പരിശ്രമിക്കാം.ദൈവവചനം വായിക്കാം; ധ്യാനിക്കാം
(ഏശയ്യ. 6:1-13).ഓര്‍മ്മിക്കാന്‍ ഒരു തിരുവചനം
"മനുഷ്യര്‍ നിങ്ങളുടെ സല്‍പ്രവൃത്തികള്‍ കണ്ട്, സ്വര്‍ഗസ്ഥനായ നിങ്ങളുടെ പിതാവിനെ മഹത്വപ്പെടുത്തേണ്ടതിന് നിങ്ങളുടെ വെളിച്ചം അവരുടെ മുമ്പില്‍ പ്രകാശിക്കട്ടെ'.(മത്താ. 5:16).നമുക്കു പ്രാര്‍ത്ഥിക്കാം
തന്‍റെ തെരഞ്ഞെടുക്കപ്പെട്ടവര്‍ക്കായി പ്രവാചകډാരെയും നേതാക്കളെയും നല്കിയ ദൈവമേ, ഏലിയായുടെ തീക്ഷ്ണതയോടും മോശയുടെ ധൈര്യത്തോടും കൂടി ജീവിതകാലം മുഴുവന്‍ അങ്ങേക്കു സാക്ഷികളാകാന്‍ ഞങ്ങളെ സഹായിക്കണമേ.എന്‍റെ തീരുമാനം
എന്തെല്ലാം പ്രതിബന്ധങ്ങള്‍ നേരിടേണ്ടിവന്നാലും ഞാന്‍ അസത്യം പറയില്ല.സഭയോടൊത്തു ചിന്തിക്കാം
മിശിഹായ്ക്കു സജീവമായ സാക്ഷ്യം വഹിച്ചുകൊണ്ടും, പ്രത്യേകമായി വിശ്വാസത്തിന്‍റെയും സ്നേഹത്തിന്‍റെയും ജീവിതം നയിച്ചുകൊണ്ടും, ദൈവനാമത്തെ മഹത്വപ്പെടുത്തുന്ന സ്തുതിയുടെ ബലികള്‍ ദൈവത്തിനു സമര്‍പ്പിച്ചുകൊണ്ടും ദൈവജനം മിശിഹായുടെ പ്രവാചകദൗത്യത്തില്‍ പങ്കുചേരുന്നു. (തിരുസഭ 12)മാതൃസഭയെ അറിയാന്‍
പേര്‍ഷ്യന്‍ പാത്രിയാര്‍ക്കീസിനാല്‍ നിയമിതരായവരില്‍ അവസാനത്തെമെത്രാപ്പോലീത്തയായിരുന്ന മാര്‍ അബ്രാഹം 1597-ല്‍ കാലം ചെയ്തു. തുടര്‍ന്ന് മാര്‍ത്തോമ്മാനസ്രാണികളുടെമേല്‍ ലത്തീന്‍ഭരണം ആരംഭിക്കുകയും ആദ്യത്തെ മെത്രാനായി ഈശോസഭാ വൈദികനായിരുന്ന ഫ്രാന്‍സിസ് റോസ് എസ്.ജെ.യെ നിയമിക്കുകയും ചെയ്തു. സഭയെന്നാല്‍ ലത്തീന്‍ റീത്തനുസരിക്കുന്ന വിശ്വാസികളുടെ സമൂഹം മാത്രമാണെന്ന് തെറ്റിദ്ധരിച്ച പാശ്ചാത്യമിഷനറിമാര്‍ മാര്‍ത്തോമ്മാനസ്രാണികളുടെ ആചാരാനുഷ്ഠാനങ്ങളെ തെറ്റായി കരുതി. എങ്ങനെയെങ്കിലും ഈ സമൂഹത്തെ രക്ഷിക്ക ണമെന്ന ചിന്തയോടെ മാര്‍ത്തോമ്മാനസ്രാണികള്‍ക്ക് അപരിചിതമായ ലത്തീന്‍ ആചാരങ്ങളും അനുഷ്ഠാനങ്ങളും നടപ്പിലാക്കാന്‍ അവര്‍ ശ്രമിച്ചു. സാര്‍വത്രികസഭയോളംതന്നെ പഴമയും പാരമ്പര്യവുമുള്ള മാര്‍ത്തോമ്മാനസ്രാണികളുടെ വിശ്വാസജീവിതത്തെ മാറ്റിക്കുറിച്ച അവസരമായിരുന്നു ലത്തീന്‍ ഭരണകാലം.ഉത്തരം കണ്ടെത്താം