പാഠം 9
പ്രേഷിതയായ സഭ
-
ഉത്ഥാനശേഷം ഈശോ തന്‍റെ ശ്ലീഹന്മാര്‍ക്കു പ്രത്യക്ഷപ്പെട്ടുകൊണ്ടുപറഞ്ഞു"എന്‍റെ പിതാവ് എന്നെ അയച്ചതുപോലെ ഞാനും നിങ്ങളെ അയയ്ക്കുന്നു"(യോഹ. 20:21). "നിങ്ങള്‍ പോയി എല്ലാ ജനതകളെയും ശിഷ്യപ്പെടുത്തുവിന്‍. പിതാവിന്‍റെയും പുത്രന്‍റെയും പരിശുദ്ധാത്മാവിന്‍റെയും നാമത്തില്‍ അവര്‍ക്ക് ജ്ഞാനസ്നാനം നല്‍കുവിന്‍. ഞാന്‍ കല്പിച്ചിട്ടുള്ളവയെല്ലാം അനുസരിക്കുവാന്‍ അവരെ പഠിപ്പിക്കുവിന്‍" (മത്താ.28:20). ലോകത്തില്‍ ഈശോയ്ക്കു സാക്ഷ്യം വഹിക്കുവാനുള്ള ദൗത്യമാണ് അവിടുന്നു സഭയെ ഭരമേല്പിച്ചത്. അതിനാല്‍ സഭ സ്വഭാവത്താലെ പ്രേഷിതയാണ് (പ്രേഷിതപ്രവര്‍ത്തനം 2).
മിശിഹാ ദൈവത്താല്‍ അയയ്ക്കപ്പെട്ടവന്‍
ഈശോ ദൈവത്താല്‍ അയയ്ക്കപ്പെട്ട ആദ്യ പ്രേഷിതനാണ്. ദൈവം തന്‍റെ തിരുസുതനെ ലോകത്തിലേക്കയച്ചത് അവന്‍ വഴി ലോകം രക്ഷ പ്രാപിക്കാനാണ് (യോഹ. 3:17). പാപംവഴി ദൈവികജീവന്‍ നഷ്ടപ്പെട്ട മാനവരാശിക്ക് ഈശോ ദൈവികജീവന്‍ നല്‍കി; അവരെ ദൈവമക്കളാക്കി. അവിടുന്നു പറഞ്ഞു: സമയം പൂര്‍ത്തിയായി. ഇതാ ദൈവരാജ്യം സമീപിച്ചിരിക്കുന്നു. അനുതപിച്ച് സുവിശേഷത്തില്‍ വിശ്വസിക്കുവിന്‍ (മര്‍ക്കോ. 1:15) എന്നു പ്രഖ്യാപിച്ചുകൊണ്ട് അവിടുന്ന് തന്‍റെസുവിശേഷവേല ആരംഭിച്ചു. തന്‍റെ ജീവിതത്തിലൂടെയും മരണത്തിലൂടെയും ഉത്ഥാനത്തിലൂടെയും മനുഷ്യരക്ഷ സാധിച്ചുകൊണ്ട് പിതാവിന്‍റെ ഹിതം അവിടുന്നു നിറവേറ്റി. ലോകാവസാനത്തോളമുള്ള മാനവരാശിക്ക് ഈ രക്ഷയുടെഅനുഭവം പകര്‍ന്നുകൊടുക്കാന്‍ തന്‍റെ അനുഗാമികളായി ഈശോ ശ്ലീഹന്മാരെ തെരഞ്ഞെടുത്തു പരിശീലിപ്പിച്ചു. പരിശുദ്ധാത്മാവിനെ നല്കി അവരെ ശക്തിപ്പെടുത്തി. സഭയാകുന്ന സമൂഹത്തിന് അടിസ്ഥാനമിട്ടു.സഭയുടെ പ്രഷിതദൗത്യം
ഈശോ ലോകത്തിന്‍റെ ഏകരക്ഷകനാണ് എന്ന സത്യം സകല ജനപദങ്ങളെയും അറിയിക്കുവാനും എല്ലാവരെയും ഈ രക്ഷയിലേക്ക് ആനയിക്കുവാനും സഭ നിയുക്തയായിരിക്കുന്നു. മിശിഹായെ അറിഞ്ഞിട്ടില്ലാത്തവര്‍ക്കു മിശിഹായെ അറിയിച്ചു കൊടുക്കാനുള്ള കടമ എല്ലാ വിശ്വാസികള്‍ക്കും ഉണ്ട്. അതോടൊപ്പം തങ്ങള്‍ക്കു ലഭിച്ച വിശ്വാസത്തില്‍ ആഴപ്പെട്ട് വളരാനും മറ്റുള്ളവരെ വളര്‍ത്താനുമുള്ള ചുമതലയും സഭാമക്കള്‍ക്കുണ്ട്. സഭ ഈ ദൗത്യം മൂന്നു വിധത്തില്‍ നിര്‍വഹിക്കുന്നു. 1. മിശിഹായെ ഒരിക്കലും അറിയുകയോ കേള്‍ക്കുകയോ ചെയ്തിട്ടില്ലാത്തവരോടുള്ള സുവിശേഷപ്രഘോഷണം. 2.മിശിഹായിലുള്ള വിശ്വാസത്തിലൂടെ രക്ഷയിലേക്കു കടന്നുവന്നവരെ വിശ്വാസരഹസ്യങ്ങ ളില്‍ ആഴപ്പെടുത്താനുള്ള സുവിശേഷപ്രബോധനം. 3. മിശിഹായെ അറിഞ്ഞ് അവിടുന്നില്‍ വിശ്വസിച്ചു ജ്ഞാനസ്നാനം സ്വീകരിച്ചവരെങ്കിലും വിശ്വാസജീവിതം ക്ഷയിച്ചുപോയ ക്രിസ്ത്യാനികളുടെ പുനര്‍സുവിശേഷവത്ക്കരണം.ശ്ലീഹന്മാരുടെ പ്രേഷിതപ്രവര്‍ത്തനങ്ങള്‍
ശ്ലീഹന്മാരെ മിശിഹാ വിളിച്ചതും തെരഞ്ഞെ ടുത്തതും പരിശീലിപ്പിച്ചതും നിയോഗിച്ചതും പ്രേഷിതദൗത്യം നിറവേറ്റുന്നതിനുവേണ്ടിയായിരുന്നു. എന്നാല്‍ അവര്‍ യഥാര്‍ത്ഥ പ്രേഷിതരായിത്തീര്‍ന്നത് പന്തക്കുസ്താദിനത്തില്‍ പരിശുദ്ധാത്മാവിനെ സ്വീകരിച്ചുകഴിഞ്ഞപ്പോഴാണ്. പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞപ്പോള്‍ അതുവരെ ഭീരുക്കളായിരുന്നവര്‍ ധീരതയോടെ തിരുവചനം പ്രഘോഷിച്ചു. തങ്ങള്‍ക്കു ലഭിച്ച ഉത്ഥാനാനുഭവത്തിന്‍റെ വെളിച്ചത്തിലും പഴയനിയമത്തിലെ പ്രവചനങ്ങളുടെ പശ്ചാത്തലത്തിലും ഈശോയെക്കുറിച്ച് അവര്‍ പ്രസംഗിച്ചു. നസ്രായനായ ഈശോ കര്‍ത്താവും മിശിഹായും ലോകരക്ഷകനുമായ ദൈവപുത്രനാണെന്ന് അവര്‍ സാക്ഷ്യപ്പെടുത്തി. പീഡനങ്ങളും ഞെരുക്കങ്ങളും മര്‍ദനങ്ങളും കാരാഗൃഹവാസവും അനുഭവപ്പെട്ടപ്പോഴും ഈ സാക്ഷ്യം വഹിക്കലില്‍ അവര്‍ ധീരതയോടെ മുന്നേറി. ശ്ലീഹന്മാരുടെ പ്രേഷിതവേലയുടെ ഫലമായി സഭ വളര്‍ന്നു പുഷ്ടിപ്രാപിച്ചു. അംഗസംഖ്യ വര്‍ദ്ധിക്കുകയും നാനാഭാഗങ്ങളിലേക്കും വ്യാപിക്കുകയും ചെയ്തു.മാര്‍തോമ്മാശ്ലീഹായുടെ
പ്രേഷിതപ്രവര്‍ത്തനം
ഈശോയുടെ ആഹ്വാനമനുസരിച്ച് ശ്ലീഹന്മാര്‍ സുവിശേഷ പ്രഘോഷണത്തിനായി വിദൂരദേശങ്ങളിലേയ്ക്ക് യാത്രയായി. സുവിശേഷദീപവുമായി ഇന്ത്യയിലേക്കു വന്നത് മാര്‍തോമ്മാശ്ലീഹായായിരുന്നു. എ.ഡി. 52-ല്‍ അദ്ദേഹം കൊടുങ്ങല്ലൂരില്‍ വന്നിറങ്ങി. സുറിയാനി ഭാഷ സംസാരിക്കുന്ന ഒരു പ്രബല യഹൂദസമൂഹം തെക്കേ ഇന്ത്യയില്‍ പലയിടത്തും ഉണ്ടായിരുന്നു. അവരുടെയിടയില്‍ ശ്ലീഹാ ആദ്യകാല പ്രവര്‍ത്തനങ്ങള്‍ നടത്തി. പിന്നീട് തോമ്മാശ്ലീഹാ പാലയൂര്‍, കോട്ടക്കാവ്, കോക്കമംഗലം, കൊല്ലം, നിരണം, ചായല്‍ (നിലയ്ക്കല്‍) എന്നീ സ്ഥലങ്ങളിലും സുവിശേഷം പ്രസംഗിക്കുകയും സഭാസമൂഹങ്ങള്‍ സ്ഥാപിക്കുകയും ചെയ്തു.ഭാരതസഭയെ നയിക്കാന്‍ വൈദികാധികാരികളെ നിയമിച്ച ശ്ലീഹാ അനന്തരം പാണ്ടിദേശത്തേക്കും അവിടെ നിന്ന് മൈലാപ്പൂരിലേക്കും പോയി. മൈലാപ്പൂരിനടുത്ത് ചിന്നമലയില്‍വച്ച് വധഭീഷണി ഉണ്ടായതിനെത്തുടര്‍ന്ന് അടുത്തുള്ള പെരിയമലയില്‍ അഭയം പ്രാപിച്ചെങ്കിലും എ.ഡി. 72-ല്‍ ശത്രുക്കള്‍ ശൂലംകൊണ്ട് കുത്തി അദ്ദേഹത്തെ വധിച്ചു. ശ്ലീഹയുടെ മൃതദേഹം സംസ്കരിച്ച സ്ഥലത്താണ് ഇന്നത്തെ സാന്തോം ഭദ്രാസന ദേവാലയം സ്ഥിതിചെയ്യുന്നത്. പൂജ്യാവശിഷ്ടങ്ങള്‍ 3-ാം നൂറ്റാണ്ടില്‍ എദേസായിലേക്കും അവിടെനിന്നും 1141-ല്‍ കിയോസ് ദ്വീപിലേക്കും 1257-ല്‍ ഇറ്റലിയിലെ ഓര്‍ത്തോണയിലേക്കും മാറ്റപ്പെട്ടു. ആ പൂജ്യാവശിഷ്ടത്തിന്‍റെ ഒരു ഭാഗം കര്‍ദ്ദിനാള്‍ യൂജിന്‍ ടിസരാങ് 1953-ല്‍ കേരളത്തില്‍ കൊണ്ടുവരികയും കൊടുങ്ങല്ലൂരിലെ അഴീക്കോടില്‍ സ്ഥാപിക്കുകയും ചെയ്തു.പാശ്ചാത്യ മിഷനറിമാരുടെ പ്രേഷിതപ്രവര്‍ത്തനം
1498 മെയ് 21-ന് വാസ്കോഡിഗാമയുടെ നേതൃത്വത്തില്‍ ഒരു പോര്‍ട്ടുഗീസ് നാവികസംഘം കോഴിക്കോട്ടെത്തി. ഇന്ത്യയുമായി വ്യാപാരബന്ധം സ്ഥാപിക്കുകയായിരുന്നു അവരുടെ ലക്ഷ്യം. ഇവരോടൊപ്പം വന്നുചേര്‍ന്ന മിഷനറി വൈദികര്‍ മാര്‍തോമ്മാ ക്രിസ്ത്യാനികളുടെ ദൈവാലയങ്ങളില്‍ മതകര്‍മ്മങ്ങളനുഷ്ഠിച്ചുപോന്നു. ആദ്യമൊക്കെ ഈ ബന്ധം സൗഹാര്‍ദപരമായിരുന്നെങ്കിലും പിന്നീട് ഈ ബന്ധത്തിന് ഉലച്ചില്‍തട്ടി.പാശ്ചാത്യസഭയില്‍ നിന്നെത്തിയ മിഷനറിമാരില്‍ പ്രേഷിതതീക്ഷ്ണത നിറഞ്ഞ ഈശോസഭാ വൈദികനായിരുന്നു വിശുദ്ധ ഫ്രാന്‍സീസ് സേവ്യര്‍. 1542 മെയ് 6-ാം തീയതി ഇന്ത്യയിലെയും മറ്റു കിഴക്കന്‍ രാജ്യങ്ങളിലെയും പേപ്പല്‍ പ്രതിനിധിയായി ഇന്ത്യയിലെത്തിയ അദ്ദേഹം മാര്‍തോമ്മാക്രിസ്ത്യാനികളോട് അനുഭാവപൂര്‍വമായനയമാണു സ്വീകരിച്ചിരുന്നത്. അദ്ദേഹം ഇന്ത്യയുടെ പടിഞ്ഞാറേ തീരപ്രദേശങ്ങളില്‍ തീക്ഷ്ണതയോടെ സുവിശേഷം പ്രഘോഷിച്ചു. അനേകര്‍ക്കു മാമ്മോദീസാ നല്‍കി. 1552 ഡിസംബര്‍ 8-ാം തീയതി ചൈനയുടെ തീരത്തുള്ള സാഞ്ചിയന്‍ ദ്വീപില്‍വച്ച് വിശുദ്ധ ഫ്രാന്‍സീസ് സേവ്യര്‍ ഇഹലോകവാസം വെടിഞ്ഞു. വിശുദ്ധന്‍റെ ഭൗതികാവശിഷ്ടം ഗോവയിലെ ബോം ജീസസ്സ് ബസ്ലിക്കായില്‍ സൂക്ഷിച്ചിട്ടുണ്ട്.സീറോമലബാര്‍ സഭയുടെ പ്രേഷിത ചൈതന്യവും മുന്നേറ്റവും
മാര്‍തോമ്മാശ്ലീഹായില്‍നിന്നും വിശ്വാസം സ്വീകരിച്ച മാര്‍തോമ്മാ ക്രിസ്ത്യാനികളിലേക്കും ശ്ലീഹായുടെ വിശ്വാസതീക്ഷ്ണത പടര്‍ന്നു. ഈ സഭയില്‍നിന്നും ധാരാളം മിഷനറിമാര്‍ ഭാരതത്തിന്‍റെ വിവിധ സ്ഥലങ്ങളില്‍ പ്രേഷിതവേല ചെയ്യുന്നുണ്ട്. ഇന്നും ഭാരതത്തിലെ മിഷനറിമാരില്‍ ഗണ്യമായ ഭാഗം സീറോമലബാര്‍ സഭയില്‍നിന്നാണ്. അക്രൈസ്തവരുടെ ഇടയില്‍ കത്തോലിക്കാവിശ്വാസം കാത്തുസൂക്ഷിച്ചു പോരുന്നതില്‍ ഈ സഭ വളരെയധികം വിജയിച്ചിട്ടുണ്ട്. സീറോമലബാര്‍ സഭയുടെ ചൈതന്യവും തീക്ഷ്ണതയും മനസ്സിലാക്കിയ ഇരുപത്തിമൂന്നാം ജോണ്‍ മാര്‍പാപ്പ വടക്കേ ഇന്ത്യയിലുള്ള ഛാന്ദാമിഷന്‍ സുറിയാനിക്കാരെ ഏല്പിച്ചു. തുടര്‍ന്ന് സത്നാ, സാഗര്‍, ഉജ്ജയിന്‍, ബിജ്നോര്‍, രാജ്ഘോട്ട്, ജഗദല്‍പൂര്‍, ഗോരഖ്പൂര്‍ തുടങ്ങി ഒട്ടേറെ മിഷന്‍ രൂപതകള്‍ പരിശുദ്ധസിംഹാസനം സീറോമലബാര്‍സഭയെ ഏല്പിച്ചു. ജോലി, കച്ചവടം തുടങ്ങിയ ആവശ്യങ്ങള്‍ക്കായി മുംബൈ പട്ടണത്തിലേക്കും സമീപപ്രദേശങ്ങളിലേയ്ക്കും കുടിയേറിയ സീറോമലബാര്‍ സഭാംഗങ്ങളെ ഉദ്ദേശിച്ച് 1988-ല്‍ കല്യാണ്‍ രൂപതയും 2010-ല്‍ മാണ്ഡ്യ രൂപതയും സ്ഥാപിതമായി.കേരളത്തിലെ രൂപതകളുടെ മിഷന്‍ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി തെക്ക്, തക്കലരൂപതയും (1996), വടക്ക് ബല്‍ത്തങ്ങാടി രൂപതയും (1999) സ്ഥാപിതമായിട്ടുണ്ട്.ഛാന്ദാരൂപത വിഭജിക്കപ്പെട്ട് അദിലാബാദ് രൂപതയും സ്ഥാപിതമായി. ഭാരതത്തിനു വെളിയില്‍ അമേരിക്കയിലുള്ള ഷിക്കാഗോ രൂപതയും സീറോമലബാര്‍ സഭയുടെ ഭാഗമാണ്.ഓരോ ക്രൈസ്തവനും പ്രേഷിതന്‍
മാമ്മോദീസാ സ്വീകരിക്കുന്നതോടുകൂടിത്തന്നെ ഒരുവന്‍ സഭയുടെ പ്രേഷിതദൗത്യത്തില്‍ പങ്കുചേരുന്നു. സഭാസമൂഹത്തിന്‍റെ അടിസ്ഥാനപരമായ പ്രേഷിതദൗത്യം സുവിശേഷത്തിന് അനുസൃതമായ ജീവിതംവഴി മിശിഹായ്ക്ക് സാക്ഷ്യം വഹിക്കുക എന്നതാണ്. ഈ ദൗത്യം സഭാമക്കള്‍ നിറവേറ്റുന്നത് പലവിധത്തിലാണ്. പൗരോഹിത്യ ശുശ്രൂഷയ്ക്കായി നിയോഗിക്ക പ്പെട്ടവരും സമര്‍പ്പിതരും തങ്ങളുടെ ജീവിതാന്തസ്സിന്‍റെ വിളിയാല്‍ പ്രേഷിതദൗത്യത്തിനായി മാറ്റിവയ്ക്കപ്പെട്ടിരിക്കുന്നു. ലോകത്തിന്‍റെ ഏതുഭാഗത്തും കര്‍ത്താവിന്‍റെ സുവിശേഷവുമായി കടന്നുചെല്ലാന്‍ അവര്‍ തങ്ങളെത്തന്നെ പ്രതിഷ്ഠിച്ചിരിക്കുന്നു. അല്മായരും പ്രേഷിതരായി പ്രവര്‍ത്തിക്കാന്‍ കടപ്പെട്ടവരാണ്. സമൂഹത്തിലെ എല്ലാ വിഭാഗത്തില്‍പെട്ടവരോടും പ്രത്യേകിച്ച് മറ്റു മതാനുയായികളോടുമെല്ലാം ഇടപഴകി ജീവിക്കുന്ന അല്മായര്‍ തങ്ങളുടെ ജീവിതസാക്ഷ്യവും വാക്കുകളും ചെയ്തികളുംവഴി പ്രേഷിതശുശ്രൂഷ നിര്‍വ്വഹിക്കുന്നു.ദൈവവചനം വായിക്കാം; ധ്യാനിക്കാം
(മര്‍ക്കോ. 16:14-20).ഓര്‍മ്മിക്കാന്‍ ഒരു തിരുവചനം
"നിങ്ങള്‍ ലോകമെങ്ങും പോയി, എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍"(മര്‍ക്കോ. 16:15).നമുക്കു പ്രാര്‍ത്ഥിക്കാം
പിതാവിനാല്‍ അയയ്ക്കപ്പെട്ട ഈശോയേ, ജീവിതത്തിലെ വിവിധ രംഗങ്ങളില്ജോലി ചെയ്യുന്നവര്‍ സ്നേഹത്തിന്‍റെയും സേവനത്തിന്‍റെയും പ്രേഷിതരായിപ്രശോഭിക്കുവാന് പരിശുദ്ധാത്മാവിന്‍റെ ദാനങ്ങള്‍ സമൃദ്ധമായി നല്‍കണമെന്ന്ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.സഭയോടൊത്തു ചിന്തിക്കാം
തിരുസഭയാല്‍ അയയ്ക്കപ്പെടുന്ന സുവിശേഷപ്രസംഗകര്‍ ലോകമെങ്ങും പോയി ഇനിയും ക്രിസ്തുവില്‍ വിശ്വസിക്കാത്ത ജനതകളോടും സമൂഹങ്ങളോടും സുവിശേഷം പ്രസംഗിക്കുകയും സഭയെ നട്ടുവളര്‍ത്തുകയും ചെയ്യുന്ന പ്രത്യേക പ്രസ്ഥാനങ്ങളെയാണ് മിഷന്‍ എന്നു സാധാരണയായി മനസ്സിലാക്കുന്നത്. ഈ പ്രസ്ഥാനങ്ങള്‍ പ്രേഷിതപ്രവര്‍ത്തനത്താല്‍ പരിപൂര്‍ത്തിയിലെത്തുന്നു. (പ്രേഷിതപ്രവര്‍ത്തനം 6)മാതൃസഭയെ അറിയാന്‍
1599 ജൂണ്‍ 20-ാം തീയതി ആരംഭിച്ച ഉദയംപേരൂര്‍ സൂനഹദോസ്മാര്തോമ്മാനസ്രാണികളുടെ ഭാഗധേയം മാറ്റിക്കുറിച്ചു. മെത്രാപ്പോലിത്തന്‍ പദവിയുണ്ടായിരുന്ന മാര്‍തോമ്മാനസ്രാണികളുടെ അങ്കമാലി അതിരൂപത, ഉദയംപേരൂര്‍ സൂനഹദോസിനുശേഷം ഗോവാ അതിരൂപതയുടെ സാമന്തരൂപതയായി തരംതാഴ്ത്തപ്പെടുകയും പിന്നീട് നിര്‍ത്തലാക്കപ്പെടുകയും ചെയ്തു. ആര്‍ച്ചുഡീക്കന്‍ പദവിക്കുണ്ടായിരുന്ന ഔന്നത്യവും അന്തസ്സും ഇല്ലാതാകുവാനും മാര്‍തോമ്മാ നസ്രാണിസഭയുടെ പാശ്ചാത്യവല്കരണത്തിനും ഉദയംപേരൂര്‍ സൂനഹദോസ് കാരണമായി. മാര്‍തോമ്മാ ക്രിസ്ത്യാനികളുടെ ഭരണപരമായ ഘടനാവ്യതിയാനത്തിനും ഈ സൂനഹദോസ് കാരണമായി.എന്‍റെ തീരുമാനം
സഭയുടെ പ്രേഷിത പ്രവര്‍ത്തനങ്ങളെ പ്രാര്‍ത്ഥന വഴിയും ജീവിതം വഴിയും സംഭാവന വഴിയും ഞാന്‍ സഹായിക്കും.ഉത്തരം കണ്ടെത്താം