പാഠം 12
സഭ പരിശുദ്ധമാണ്
-
ഒരിക്കല്‍ ഏശയ്യാ പ്രവാചകന്‍ ദൈവാലയത്തില്‍ പ്രാര്‍ത്ഥിച്ചു കൊണ്ടിരിക്കുകയായിരുന്നു. അപ്പോള്‍ അവന് ഒരു സ്വര്‍ഗീയ ദര്‍ശനം ഉണ്ടായി. സിംഹാസനത്തില്‍ ഉപവിഷ്ടനായിരിക്കുന്ന കര്‍ത്താവിനെ അവന്‍ കണ്ടു. അവിടുത്തെ വസ്ത്രാഞ്ചലം ദൈവാലയം മുഴുവന്‍ നിറഞ്ഞു നിന്നിരുന്നു. ആറു ചിറകുകള്‍ വീതമുള്ള സെറാഫുകള്‍ ചുറ്റും. രണ്ടുചിറകുകള്‍കൊണ്ടുമുഖവും രണ്ടെണ്ണം കൊണ്ടുപാദങ്ങളും അവ മറച്ചിരുന്നു. രണ്ടു ചിറകുകള്‍ പറക്കാനുള്ളവയാ യിരുന്നു. പരിശുദ്ധന്‍! പരിശുദ്ധന്‍! സൈന്യങ്ങളുടെ കര്‍ത്താവ് പരിശുദ്ധന്‍! എന്ന് അവ ഉദ്ഘോഷിച്ചുകൊണ്ടിരുന്നു. അവയുടെ ശബ്ദഘോഷത്താല്‍ ഭൂമുഖത്തിന്‍റെ അടിസ്ഥാനങ്ങള്‍ ഇളകുകയും ദൈവാലയം ധൂമപൂരിതമാവുകയും ചെയ്തു (ഏശ. 6:1-4). ഈ ദര്‍ശനത്തിലൂടെ ദൈവത്തിന്‍റെ പരിശുദ്ധി നമുക്കു വെളിപ്പെടുത്തപ്പെട്ടു.ദൈവം പരിശുദ്ധനാണ്. ഈ പരിശുദ്ധിയിലേക്കാണ് ഇസ്രായേല്‍ ജനം വിളിക്കപ്പെട്ടത്. ഇസ്രായേല്‍ ദൈവത്തിന്‍റെ വിശുദ്ധ ജനമാണ്. പുതിയ ഇസ്രായേലായ സഭയുടെയും അടിസ്ഥാന സവിശേഷത അവള്‍ വിശുദ്ധയാണ് എന്നുള്ളതാണ്. വിശുദ്ധ പൗലോസ് തന്‍റെ ലേഖനങ്ങളില്‍ പലപ്പോഴും ക്രിസ്ത്യാനികളെ അഭിസംബോധന ചെയ്യുന്നത് ഈശോമിശിഹായില്‍ വിശുദ്ധരും വിശുദ്ധരാകാന്‍ വിളിക്കപ്പെട്ടവരും എന്നാണ് (1 കോറി. 1:2, റോമ. 1:7). യൂദാശ്ലീഹായുടെ ലേഖനത്തിലും (3-ാം വാക്യം) ഇപ്രകാരം തന്നെ നാം കാണുന്നു.
എല്ലാവരും വിശുദ്ധിയിലേക്കു വിളിക്കപ്പെട്ടിരിക്കുന്നു
നാം വിശുദ്ധരാകണമെന്നത് ദൈവഹിതമാണ്. 'നിങ്ങള്‍ പരിശുദ്ധരായിരിക്കുവിന്‍. എന്തെന്നാല്‍ നിങ്ങളുടെ ദൈവവും കര്‍ത്താവുമായ ഞാന്‍ പരിശുദ്ധനാണ്"(ലേവ്യര്‍ 19:2). എന്ന് തിരുവചനം നമ്മെ ഓര്‍മിപ്പിക്കുന്നു. "അശുദ്ധിയിലേക്കല്ല വിശുദ്ധിയിലേക്കാണ് ദൈവം നമ്മെ വിളിച്ചിരിക്കുന്നത്" എന്നു പൗലോസ് ശ്ലീഹാ പഠിപ്പിക്കുന്നു (1 തെസ. 4:7). ദൈവം നമ്മെ സൃഷ്ടിച്ചതും തന്‍റെ വിശുദ്ധിയില്‍ പങ്കുചേര്‍ക്കാനായിരുന്നു"തന്‍റെ മുമ്പാകെ സ്നേഹത്തില്‍ പരിശുദ്ധരും നിഷ്കളങ്കരുമായിരിക്കാന്‍ ലോകസ്ഥാപനത്തിനു മുന്‍പുതന്നെഅവിടുന്നു നമ്മെ ക്രിസ്തുവില്‍ തെരഞ്ഞെടുത്തു"(എഫേ. 1:4). "നിങ്ങളെ വിളിച്ചവന്‍ പരിശുദ്ധനായിരിക്കുന്നതുപോലെ എല്ലാ പ്രവൃത്തികളിലും നിങ്ങളും പരിശുദ്ധരായിരിക്കുവിന്‍ എന്ന് പത്രോസ് ശ്ലീഹായും നമ്മെ ആഹ്വാനം ചെയ്യുന്നു"(1 പത്രോ. 1:15). അതുകൊണ്ട് നമ്മള്‍ വിശുദ്ധരായി ജീവിക്കണം.സഭ വിശുദ്ധയും വിശുദ്ധീകരിക്കപ്പെടേണ്ടവളും
സഭ ഒരേസമയം വിശുദ്ധയും വിശുദ്ധീകരിക്കപ്പെടേണ്ടവളുമാണ്. പശ്ചാത്താപത്തിലൂടെയും മാനസാന്തരത്തിലൂടെയും അവള്‍ നിരന്തരം വിശുദ്ധീകരിക്കപ്പെട്ടു കൊണ്ടിരിക്കുന്നു. (തിരുസഭ 8). പരമപരിശുദ്ധനായ ദൈവത്താല്‍ തെരഞ്ഞെടുക്കപ്പെട്ട് ദൈവത്തിനായി സമര്‍പ്പിക്കപ്പെട്ടവരുടെ സമൂഹമാണ് സഭ. പരിശുദ്ധനായവന്‍ സഭയില്‍ വസിക്കുന്നു. പരിശുദ്ധാത്മാവിനാല്‍ സഭ നയിക്കപ്പെടുന്നു. അനേക വിശുദ്ധരാല്‍ സഭ സമ്പന്നയാണ്. അതിനാല്‍ സഭ പരിശുദ്ധയാണ് എന്നാല്‍ പാപികളും ബലഹീനരുമായ മനുഷ്യരാണ് സഭയിലുള്ളത്. "എല്ലാവരോടും സമാധാനത്തില്‍ വര്‍ത്തിച്ച് വിശുദ്ധിക്കുവേണ്ടിപരിശ്രമിക്കുവിന്‍. വിശുദ്ധികൂടാതെ ആര്‍ക്കും കര്‍ത്താവിനെ ദര്‍ശിക്കാന്‍ സാധിക്കുകയില്ല. ദൈവകൃപ ആര്‍ക്കും നഷ്ടപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കുവിന്‍. വിദ്വേഷത്തിന്‍റെ വേരു വളര്‍ന്ന് ഉപദ്രവം ചെയ്യാതിരിക്കാന്‍ സൂക്ഷിക്കുവിന്‍. വിദ്വേഷം മൂലം പലരും അശുദ്ധരായിത്തീരുന്നു" (ഹെബ്രാ. 12:14-15). നമ്മെ അശുദ്ധരാക്കുന്നതെന്താണെന്നും വിശുദ്ധി പാലിക്കേണ്ടതിന്‍റെ ആവശ്യകതയെന്തെന്നും ഈ തിരുവചനം വ്യക്തമാക്കുന്നു.വിശുദ്ധീകരണം ഈശോയിലൂടെ
പഴയനിയമത്തിലെ പാപപ്പരിഹാരക്കുഞ്ഞാടിന്‍റെ രക്തം ദൈവാലയത്തേയും ബലിപീഠത്തേയും ജനത്തേയും വിശുദ്ധീകരിച്ചിരുന്നതായി കണക്കാക്കപ്പെട്ടിരുന്നു. പുതിയനിയമത്തിലെ പാപപ്പരിഹാരക്കുഞ്ഞാടായ ഈശോ തന്‍റെ രക്തത്താല്‍ നമ്മെ വിശുദ്ധീകരിക്കുന്നു. പാപത്താല്‍ പിശാചിന്‍റെ ദാസ്യത്തില്‍ ആയിരുന്ന നമ്മെ ശുദ്ധീകൃതരും ദൈവത്തിന്‍റെ മക്കളും ആക്കിത്തീര്‍ത്തത് ഈശോയുടെ കുരിശിലെ ബലിയാണ്. സ്വര്‍ഗസ്ഥനായ പിതാവിന്‍റെ പരിപൂര്‍ണതയിലേക്കു മക്കളായ നമ്മെയും എത്തിക്കാന്‍ വേണ്ടിയാണ് ഈശോ ബലിയായിത്തീര്‍ന്നത്.വിശുദ്ധീകരണം ദൈവവചനത്തിലൂടെ
ദൈവത്തിന്‍റെ വചനം നമ്മെ വിശുദ്ധീകരിക്കുന്നതാണ്. ഈശോ പറഞ്ഞു: "ഞാന്‍ നിങ്ങളോടു പറഞ്ഞ വചനം നിമിത്തം നിങ്ങള്‍ ശുദ്ധിയുള്ളവരായിരിക്കുന്നു" (യോഹ. 15:3). ശരീരമാസകലം വ്രണങ്ങളുമായി ഈശോയുടെ പക്കല്‍ചെന്ന കുഷ്ഠരോഗി പറഞ്ഞു: "കര്‍ത്താവേ അങ്ങേക്ക് മനസ്സുണ്ടെങ്കില്‍ എന്നെ ശുദ്ധനാക്കാന്‍ കഴിയും"അവന്‍റെ വിശ്വാസം കണ്ട് (മത്താ. 8:3-4). ഈശോയുടെ വചനം ശ്രവിച്ചവര്‍ ആത്മീയമായും ശാരീരികമായും ശുദ്ധിയുള്ളവരായി. ഈ ലോകം വിട്ട് പിതാവിന്‍റെ അടുക്കലേക്കു പോകുന്നതിനു മുന്‍പായി ഈശോ നമുക്കുവേണ്ടി പിതാവിനോടു പ്രാര്‍ത്ഥിച്ചു. "അവരെ അങ്ങു സത്യത്താല്‍ വിശുദ്ധീകരിക്കണമേ! അവിടുത്തെ വചനമാണ് സത്യം" (യോഹ. 17:17).ദൈവത്തിന്‍റെ വചനം അഗ്നിയാണ് (ജറെ. 23:29). സ്വര്‍ണ്ണം അഗ്നിയില്‍ ശുദ്ധി ചെയ്യപ്പെടുന്നു. എത്രയധികം അഗ്നിയിലുരുകുന്നുവോ അത്രയേറെ സ്വര്‍ണ്ണത്തിന്‍റെ മാറ്റു വര്‍ദ്ധിക്കുന്നു. അതുപോലെ ദൈവവചനം സ്വീകരിച്ച് അത് അനുസരിച്ച് ജീവിക്കുമ്പോള്‍ നമ്മളും ശുദ്ധിയുള്ളവരാകും. "വിശുദ്ധലിഖിതമെല്ലാം ദൈവനിവേശിതമാണ്. അവ പ്രബോധനത്തിനും ശാസനത്തിനും തെറ്റുതിരുത്തലിനും നീതിയിലുള്ള പരിശീലനത്തിനും ഉപകരിക്കുന്നു. ഇതുവഴി ദൈവഭക്തനായ മനുഷ്യന്‍ പൂര്‍ണത കൈവരിക്കുകയും എല്ലാ നല്ല പ്രവൃത്തികളും ചെയ്യുന്നതിനു പര്യാപ്തനാകുകയും ചെയ്യുന്നു" (2 തിമോ. 3: 16-17) ദൈവവചനം അനുദിനം ധ്യാനപൂര്‍വം വായിച്ച് അതിനനുസൃതമായ ജീവിതം നയിക്കുന്നതുവഴി സഭാമക്കള്‍ വിശുദ്ധിയുടെ പാതയിലൂടെ ചരിക്കുവാന്‍ പ്രാപ്തരാകും.വിശുദ്ധീകരണം കൂദാശകളിലൂടെ
നമ്മെ വിശുദ്ധീകരിക്കുന്നതിനുള്ള ഉപാധികളാണ് കൂദാശകള്‍. സഭയില്‍ ഈശോ സ്ഥാപിച്ച ജീവന്‍റെ നീര്‍ച്ചാലുകളാണവ. വിവിധ കൂദാശകളിലൂടെ മനുഷ്യന്‍റെ ജീവിതത്തിലെ എല്ലാ ഘട്ടങ്ങളേയും ദൈവം വിശുദ്ധീകരിക്കുന്നു. വിശിഷ്യ അനുദിനം അര്‍പ്പിക്കപ്പെടുന്ന ദിവ്യബലിയിലൂടെ നമ്മുടെ ആത്മശരീരങ്ങളെ അവിടുന്നു പവിത്രീകരിക്കുകയും ചെയ്യുന്നു. തന്‍റെ അയോഗ്യതയെ ഓര്‍ത്ത് ദൈവസന്നിധിയില്‍ വിലപിച്ച ഏശയ്യാ പ്രവാചകനെ ബലിപീഠത്തില്‍നിന്നെടുത്ത തീക്കട്ടയാല്‍ ദൈവം വിശുദ്ധീകരിച്ചതുപോലെ പരിശുദ്ധ കുര്‍ബാനയാകുന്ന തീക്കട്ട നമ്മെയും പവിത്രീകരിക്കുന്നുവെന്ന് സഭാപിതാക്കന്മര്‍ പഠിപ്പിക്കുന്നു. "വിശുദ്ധ കുര്‍ബാന സ്വീകരിക്കുന്നവര്‍ പരിശുദ്ധാത്മാവിനാലും അഗ്നിയാലും നിറയുന്നു. അതിനാല്‍ അവര്‍ വിശുദ്ധീകരിക്കപ്പെടുകയും ചെയ്യുന്നു."(മാര്‍ അപ്രേം).വിശുദ്ധീകരണത്തിന്‍റെ ബലിപീഠമാണ് അള്‍ത്താര, വിശുദ്ധ കുര്‍ബാന വിശുദ്ധര്‍ക്കുള്ളതാകുന്നു എന്ന് വിശുദ്ധ കുര്‍ബാനയില്‍ കാര്‍മികന്‍ പ്രഖ്യാപിക്കുമ്പോള്‍ സമൂഹം നല്‍കുന്ന മറുപടി പിതാവും പുത്രനും പരിശുദ്ധാത്മാവും മാത്രമാണ് പരിശുദ്ധന്‍ എന്നാണ്. വിശുദ്ധ കുര്‍ബാന സ്വീകരിക്കാനുള്ള നമ്മുടെ അയോഗ്യതയും അതു സ്വീകരിക്കുന്നതു വഴി ലഭിക്കുന്ന ത്രീയേകദൈവത്തിന്‍റെ പരിശുദ്ധിയിലുള്ള പങ്കാളിത്തവുമാണ് ഈ മറുപടി പ്രാര്‍ത്ഥന സൂചിപ്പിക്കുന്നത്.ദൈവത്തിന്‍റെ പരിശുദ്ധിയില്‍നിന്നും പാപംമൂലം നമ്മള്‍ അകന്നു പോകുമ്പോള്‍ അനുതപിച്ച് അനുരജ്ഞനകൂദാശസ്വീകരിക്കണം. അതുവഴി ദൈവികജീവനും തിന്മയില്‍നിന്ന്അ കന്നിരിക്കാനുള്ള കൃപാവരവും നമുക്കു വീണ്ടും ലഭിക്കുന്നു.കൂദാശാനുകരണങ്ങളിലൂടെയുള്ള വിശുദ്ധീകരണം
കൂദാശാനുകരണങ്ങളും നമ്മെ വിശുദ്ധിയില്‍ വളര്‍ത്തുന്നു. ദൈവത്തിന്‍റെ കൃപാവരം സ്വീകരിക്കാനും അവയോടു സഹകരിച്ച് വിശുദ്ധിയില്‍ വളരാനും കൂദാശാനുകരണങ്ങള്‍ സഹായിക്കുന്നു. സഭാമക്കളുടെ വിവിധ ജീവിതാവസ്ഥകളെയും സാഹചര്യങ്ങളെയും സ്ഥലങ്ങളെയും വസ്തുക്കളെയുമെല്ലാം വിശുദ്ധീകരിക്കുന്ന കര്‍മങ്ങളാണല്ലോ കൂദാശാനുകരണങ്ങള്‍.നോമ്പും പ്രാര്‍ത്ഥനയും ഉപവാസവും വഴിയുള്ള വിശുദ്ധീകരണം
നമ്മെ വിശുദ്ധീകരിക്കുന്ന മറ്റു കര്‍മങ്ങളാണ് നോമ്പും പ്രാര്‍ത്ഥനയും ഉപവാസവും. പ്രാര്‍ത്ഥനയില്‍ നാം ദൈവത്തെ കണ്ടുമുട്ടുന്നു; അവിടുത്തെ തിരുഹിതം മനസ്സിലാക്കുന്നു. നമ്മുടെ ബലഹീനതകളും പരിമിതികളും ദൈവസന്നിധിയില്‍ ഏറ്റു പറഞ്ഞ് ശക്തിനേടുവാനും പ്രാര്‍ത്ഥന നമ്മെ സഹായിക്കുന്നു. ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നവര്‍ക്ക് തെറ്റില്‍ വീഴാതിരിക്കാനും അഥവാ വീണുപോയാല്‍ വേഗം അനുതപിച്ചു നډയിലേക്കു തിരിയാനും സാധിക്കും.നോമ്പും ഉപവാസവും വഴി നാം നമ്മുടെയും മറ്റുള്ളവരുടെയും തെറ്റുകള്‍ക്ക്പരിഹാരമനുഷ്ഠിക്കുന്നു. പാപസാഹചര്യങ്ങളില്‍നിന്നും ഒഴിഞ്ഞുമാറാനുള്ള ആത്മശക്തിയും ഉപവാസംവഴി ലഭിക്കുന്നു.വിവിധ ദൈവവിളികളിലൂടെയുള്ള വിശുദ്ധീകരണം
ഓരോരുത്തരും സ്വന്തം ജീവിതാവസ്ഥയുടെ കടമകള്‍ വിശ്വസ്തതയോടെ നിര്‍വഹിച്ചുകൊണ്ട് സ്നേഹത്തിന്‍റെ പൂര്‍ണത നേടുമ്പോഴാണ് വിശുദ്ധി പ്രാപിക്കുന്നത്. എല്ലാ ജീവിതാന്തസ്സുകളും ദൈവവിളിയാണ്. ജീവിതാവസ്ഥ ഏതുമാകട്ടെ സ്വന്തം ജീവിതാവസ്ഥയ്ക്കനുസരണമായി സ്നേഹത്തിന്‍റെ പൂര്‍ണതയിലേക്കു നീങ്ങുകയും അതുവഴി മറ്റുള്ളവരെ വിശുദ്ധിയില്‍ വളരാന്‍ സഹായിക്കുകയും ചെയ്യുമ്പോള്‍ വിശുദ്ധി പ്രകാശിതമാകുന്നു (തിരുസഭ 39). ഭരമേല്പ്പിക്കപ്പെടുന്ന ജോലികളെയും ഒരര്‍ത്ഥത്തില്‍ ദൈവ വിളിയായികാണാവുന്നതാണ് . ദൈവത്തിന്‍റെ സൃഷ്ടികര്‍മത്തിലും രക്ഷാകരകര്‍മത്തിലും പവിത്രീകരണകര്‍മത്തിലും പങ്കുചേരാനുള്ള കടമയാണ് ഇവ വഴി ലഭിക്കുന്നത്. ദൈവം നല്കുന്ന വിളിയോടും ജോലികളോടും സ്നേഹപൂര്‍വം സഹകരിക്കാനും ക്രിയാത്മകമായി പ്രതികരിക്കാനും കഴിയുമ്പോള്‍ അവ നമുക്ക് വിശുദ്ധിക്കുള്ള മാര്‍ഗമായിത്തീരുന്നു.ഇങ്ങനെ ദൈവവചനം, കൂദാശകള്‍,കൂദാശാനുകരണങ്ങള്‍, പ്രാര്‍ത്ഥന, ഉപവാസം എന്നിവയാല്‍ പരിപോഷിതരായി അവരവരുടെ ദൈവവിളിക്കനുസരിച്ചു വളരുമ്പോള്‍ ദൈവമക്കള്‍ക്കനുയോജ്യമായ ജീവിതവിശുദ്ധി പാലിക്കുവാന്‍ നമുക്കു സാധിക്കും.ദൈവവചനം വായിക്കാം; ധ്യാനിക്കാം
(യോഹ. 17:15-26).ഓര്‍മ്മിക്കാന്‍ ഒരു തിരുവചനം
"നിങ്ങളെ വിളിച്ചവന്‍ പരിശുദ്ധനായിരിക്കുന്നതുപോലെ എല്ലാ പ്രവൃത്തികളിലും നിങ്ങളും പരിശുദ്ധരായിരിക്കുവിന്‍" (1 പത്രോ. 1:15).നമുക്കു പ്രാര്‍ത്ഥിക്കാം
വിശുദ്ധരാകാന്‍ ഞങ്ങളെ വിളിച്ച ഈശോയേ, ജീവിതവിശുദ്ധിയില്‍ വളര്‍ന്നുവരാന്‍ ഞങ്ങളെ അനുഗ്രഹിക്കണമേ.എന്‍റെ തീരുമാനം
വിശുദ്ധിയിലേക്കു വിളിക്കപ്പെട്ടിരിക്കുന്ന ഞാന്‍ ഒരു വിശുദ്ധനായി (വിശുദ്ധയായി) ജീവിക്കുവാന്‍ പരിശ്രമിക്കും.സഭയോടൊത്തു ചിന്തിക്കാം
ഏതു ജീവിതാന്തസ്സിലും പരിതഃസ്ഥിതികളിലും ആയിരുന്നാലും ക്രിസ്തീയ വിശ്വാസികളെല്ലാവരും ക്രൈസ്തവജീവിതത്തിന്‍റെ പൂര്‍ണതയും സ്നേഹത്തിന്‍റെ തികവും പ്രാപിക്കാന്‍ വിളിക്കപ്പെട്ടിരിക്കുന്നു എന്ന വസ്തുത സ്പഷ്ടമാണ്. ഈദൃശ വിശുദ്ധി ഭൗതികസമുദായത്തില്‍ പോലും കൂടുതല്‍ മനുഷ്യോചിതമായി ജീവിക്കാന്‍ പ്രോത്സാഹനം നല്‍കുന്നു. ഈ പൂര്‍ണത പ്രാപിക്കാന്‍ ക്രിസ്തുവില്‍നിന്നു ദാനമെന്നവണ്ണം സ്വീകരിച്ചിരിക്കുന്ന കഴിവുകളെ അതാതിന്‍റെ അളവിനൊത്തവണ്ണം വിശ്വാസികള്‍ വികസിപ്പിക്ക ണം. (തിരുസഭ 40)മാതൃസഭയെ അറിയാന്‍
കരിയാറ്റില്‍ യൗസേപ്പുമെത്രാപ്പോലീത്താ കാലംചെയ്തതിനെ തുടര്‍ന്ന് പാറേമ്മാക്കല്‍ തോമ്മാകത്തനാര്‍ ഭാരതസഭയുടെ ഗോവര്‍ണദോറായി ഭരണമേറ്റു. അദ്ദേഹത്തിന്‍റെ കാലത്ത് സഭയുടെ വ്യക്തിത്വം വീണ്ടെടുക്കാനുള്ള ശക്തമായ ശ്രമങ്ങള്‍ നടന്നു. അതിനു നാന്ദി കുറച്ചുകൊണ്ട് 1787 ഫെബ്രുവരി 1-ന് 84 പള്ളിക്കാര്‍ അങ്കമാലിയില്‍ സമ്മേളിച്ച് സുപ്രധാനമായ ഒരു രേഖ എഴുതിയുണ്ടാക്കി. അതാണ് അങ്കമാലി പടിയോല. മാര്‍ അബ്രാഹത്തിന്‍റെ മരണം മുതല്‍ അന്നുവരെ മാര്‍തോമ്മാ ക്രിസ്ത്യാനികള്‍ അനുഭവിച്ച ത്യാഗങ്ങള്‍ അതില്‍ വിവരിച്ചിട്ടുണ്ട്.ഉത്തരം കണ്ടെത്താം